Latest NewsIndia

ചിറകൊടിഞ്ഞ ജെറ്റ് എയര്‍വേസിനെ ആര് രക്ഷിക്കും ; അനിശ്ചിതത്വം തുടരുന്നു

മുംബൈ: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ജെറ്റ് എയര്‍വേസിന്റെ ഓഹരികള്‍ വാങ്ങാനുള്ള സമയം ഇന്ന് അവസാനിക്കും. എന്നാല്‍ ജെറ്റ് എയര്‍ വേസിന്റെ വില്‍പ്പനയെ സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്.

ജെറ്റ് എയര്‍വേസ് ബാങ്കുകള്‍ക്ക് നല്‍കാനുള്ള 8400 കോടി രൂപയുടെ കടം പിടിച്ചെടുക്കാന്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ് കമ്പനിയെ വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, നിലവില്‍ സര്‍വീസ് അവസാനിപ്പിച്ച ജെറ്റ് എയര്‍വേസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഇതിലും ഉയര്‍ന്ന തുക ചെലവിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന മുതല്‍മുടക്ക് നടത്താന്‍ കഴിയുന്നവര്‍ക്ക് മാത്രമേ ജെറ്റിനെ പൂര്‍ണ അര്‍ത്ഥത്തില്‍ ഏറ്റെടുക്കാന്‍ കഴിയൂ.

ഫ്യൂച്ചര്‍ ട്രെന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്, റെഡ്ക്ലിഫ് കാപ്പിറ്റല്‍, ആദി പാര്‍ട്‌ണേഴ്സ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംഘം ജെറ്റിനെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ അറ്റ്മോസ്ഫ്യര്‍ ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് ഉടമയായ ജേസണ്‍ അണ്‍സ്വര്‍ത്ത് കമ്പനിയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഓഹരിവില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം ഇവരെ അപേക്ഷപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തേ ഇത്തിഹാദ് എയര്‍വേസ്, ഇന്‍ഡിഗോ പാര്‍ട്ട്‌ണേഴ്‌സ്, എന്‍ഐഐഎഫ് എന്നീ കമ്പനികളെയാണ് അപേക്ഷപ്പട്ടികയില്‍ കണ്‍സോര്‍ഷ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെറ്റ് എയര്‍വേസിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസവും കമ്പനിയുടെ സ്ഥാപകനും മുന്‍ ചെയര്‍മാനും നരേഷ് ഗോയല്‍ ജീവനക്കാര്‍ക്ക് കത്തെഴുതിയിരുന്നു. 250 കോടി രൂപയുടെ അടിയന്തര സഹായവും ഗോയല്‍ വാഗ്ദാനം ചെയ്തിരുന്നു. ജെറ്റിന്റെ ഓഹരികള്‍ ആര് കൈവശപ്പെടുത്തും എന്നത് തന്നെയായിരിക്കും ഇനി ജെറ്റ് എയര്‍വേസിന്റെ ഭാവി തീരുമാനിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button