ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം ആദ്യമായാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കാന്‍ പോകുന്നത്. മാര്‍ച്ച് എട്ടിന് കേസ് പരിഗണിക്കുന്നതിനായി ജസ്റ്റിസ് എഫ്.എം.ഐ കൈഫുല്ലയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ സമിതിക്ക് കൈമാറിയിരുന്നു. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നുമായിരുന്നു സുപ്രീംകോടതി നിര്‍ദേശം.
അയോധ്യക്കേസ് കേവലം ഭൂമിതര്‍ക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചതാണ്. പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതി വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മോഹി അഖാഡ മാത്രമാണ് കേസില്‍ മധ്യസ്ഥ ചര്‍ച്ചയെ അനുകൂലിച്ചത.് ഹിന്ദുമഹാസഭയും ഇസ്ലാം സംഘടനകളും മധ്യസ്ഥ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്ന നിലപാടായിരുന്നു കോടതിയെ അറിയിച്ചത്.
നേരത്തെ വാജ് പേയ് സര്‍ക്കാരിന്റെ കാലത്ത് കോടതിക്ക് പുറത്ത് അയോധ്യക്കേസ് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കാഞ്ചിമഠാധിപതിയാണ് അന്ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥ്യം വഹിച്ചത്. എന്നാല്‍ കക്ഷകളില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും ചര്‍ച്ചകള്‍ തര്‍ക്കത്തിലേക്ക് വഴി മാറുകയും ചെയ്തതോടെ ആ നീക്കം വാജ്‌പേയ് സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു. യു.പി സംസ്ഥാനം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അയോധ്യ പ്രശ്‌നം വീണ്ടും കോടതിയുടെ പരിഗണനയില്‍ എത്തുന്നത്.
Post Your Comments