ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗിലേക്കടുക്കുമ്പോള് പ്രധാനമന്ത്രി സ്ഥാനത്തിനായി അവകാശ വാദമുയര്‍ത്തി ജെഡിയു നേതാവും. എന്‍ഡിഎയ്ക്ക് 23ന് ശേഷം ഭൂരിപക്ഷം നേടാനാകില്ലെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് എംഎല്‍സി ഗുലാം റസൂല്‍ ബലിയാവി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയിലെ പ്രമുഖ മുസ്ലീം മുഖമാണ് ബലിയാവി. ബീഹാറില്‍ എന്‍ഡിഎയ്ക്ക് വോട്ട് ലഭിച്ചത് മുഖ്യമന്ത്രിയെ കണ്ട് കൊണ്ടാണെന്നും അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. നിധീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആവശ്യപ്പെട്ടു കൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ഇത് തുടക്കമിട്ടെങ്കിലും ഇത്തരം റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രി നിഷേധിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം മോദി പ്രധാനമന്ത്രിയായാല്‍ എന്‍ഡിഎയിലെ വലിയ നേതാവായ നിധീഷ് കുമാറിനോടുള്ള അനീതിയാണ് അതെന്ന വാദവുമായി ജെഡിയുവിലെ പ്രശാന്ത് കിഷോര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ പോലും ഉന്നത സ്ഥാനത്ത് എത്തേണ്ട നിധീഷ് കുമാറിന്റെ അവസ്ഥ ഇങ്ങനെയാകുന്നതില്‍ ശരികേടുണ്ട്. 15 വര്‍ഷമായി ബീഹാര്‍ പോലെയുള്ളൊരു വലിയ സംസ്ഥാനം ഭരിക്കുന്നൊരാള്‍ പ്രതിമ പോലെ ഇരിക്കണം. പ്രധാനമന്ത്രിയുടെ സ്ഥാനത്തേക്ക് നിധീഷിനെ പരിഗണിക്കാത്തത് അപമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments