NewsInternational

ബ്രിട്ടനില്‍ വൈറസ് ചികിത്സ വഴി പെണ്‍കുട്ടിക്ക് പുതുജന്മം

 

ലണ്ടന്‍: ആന്റിബയോട്ടിക്കുകള്‍ ചികിത്സാ രംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിവരിക്കാനാകാത്തതാണ്. മരണ കാരണമായേക്കാവുന്ന അണുബാധകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ മാത്രമാണ് ഔഷധം. പക്ഷേ വ്യാപകമായി ഇവ ഉപയോഗിക്കുന്നതിലൂടെ ഗുരുതരമായ ഒരു പ്രതിസന്ധി ആരോഗ്യമേഖല നേരിടുകയാണ്. ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്, അഥവാ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച രോഗാണുക്കളുടെ ആവിര്‍ഭാവമാണ് ഈ പ്രതിസന്ധി. ഇവ മനുഷ്യരില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സാധാരണ ചികിത്സകള്‍ ഫലപ്രദമാകാതെ വരും.

എന്നാല്‍ ഇതിന് ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍. വൈറസുകളെയാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. വൈറസ് ഉണ്ടാക്കുന്ന രോഗങ്ങളില്‍ ചെറിയൊരു ശതമാനത്തിനു മാത്രമേ പ്രതിരോധ മരുന്നുകളും ചികിത്സയും നിലവിലുള്ളു എന്നിരിക്കെയാണ് ഇവ രക്ഷകരായി അവതരിച്ചിരിക്കുന്നത്. ജനിതക എന്‍ജിനീയറിംഗിലൂടെ മാറ്റം വരുത്തിയ ചില വൈറസുകളെയാണ് ആന്റിബയോട്ടിക് പ്രതിരോധത്തിലൂടെയുണ്ടാകുന്ന അണുബാധ ചെറുക്കാന്‍ ഉപയോഗിച്ചത്.

ഫേജുകള്‍ എന്ന് അറിയപ്പെടുന്ന ബാക്ടീരിയകളെ തിന്നു നശിപ്പിക്കുന്ന വൈറസുകളാണ് മനുഷ്യന് ഉപകാരികളായി മാറിയിരിക്കുന്നത്. ഇസബേല്‍ ഹോള്‍ഡവേ എന്ന 17 കാരിയായ ബ്രിട്ടീഷ് പെണ്‍കുട്ടിയില്‍ വൈറസ് ചികിത്സ ഫലപ്രദമായി നടത്തി. സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതക രോഗത്തിന് അടിമയായിരുന്ന ഇസബേലിന് ശ്വാസകോശങ്ങളില്‍ ദ്രവം നിറയുകയും അണുബാധയുണ്ടാകുകയും ചെയ്തിരുന്നു. 2017ല്‍ കുട്ടിയുടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനം മൂന്നിലൊന്നായി ചുരുങ്ങി. ഇതോടെ രണ്ടു ശ്വാസകോശങ്ങളും മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

എന്നാല്‍ ശസത്രക്രിയക്കു ശേഷം അണുബാധയുണ്ടാകുമെന്ന ഭീതിയുണ്ടായിരുന്നു. ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ക്ഷയരോഗാണുവിന് സമാനമായ ബാക്ടീരിയ ശസ്ത്രക്രിയാ മുറിവിലും പിന്നീട് കരളിനെയും ബാധിച്ചു. ആന്റിബയോട്ടിക്കുകളോട് പ്രതിരോധമാര്‍ജ്ജിച്ച ഇവ ത്വക്കിലൂടെ പുറത്തുവരാനും തുടങ്ങിയിരുന്നു. യുകെയിലെ ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ 9 മാസത്തോളം ചികിത്സക്കു വിധേയയായ ഇസബേലിനെ ഇതോടെ പാലിയേറ്റീവ് കെയറിനായി വീട്ടിലേക്ക് മാറ്റി.

ഇതിനിടെ ഇന്റര്‍നെറ്റില്‍ വൈറസ് ചികിത്സയെക്കുറിച്ച് വായിച്ചറിഞ്ഞ ഇസബേലിന്റെ അമ്മ ജോ ഇതേക്കുറിച്ച് ഡോക്ടര്‍മാരോട് സംസാരിക്കുകയും അവര്‍ അതിനായി തയ്യാറാകുകയും ചെയ്തു. ഒരു അമേരിക്കന്‍ ലബോറട്ടറിയുമായി ചേര്‍ന്നാണ് കണ്‍സള്‍ട്ടന്റുമാര്‍ ചികിത്സ നടത്തിയത്. എന്തായാലും ചികിത്സ പൂര്‍ണ്ണമായും ഫലപ്രദമായി. ഇസബേല്‍ രോഗമുക്തി നേടുകയും ചെയ്തു. കൃത്യ സമയത്ത് ഈ ചികിത്സ ലഭിച്ചതിനാല്‍ തന്റെ കുട്ടി ലോകത്തെ ഏറ്റവും ഭാഗ്യവതിയാണെന്നാണ് ജോ പറയുന്നത്. ഇതൊരു അദ്ഭുതമാണ്, വൈദ്യശാസ്ത്രം അവിശ്വസനീയമാണ്, അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button