തിരുവനന്തപുരം: ഉപയോഗശൂന്യമായി കിടന്നിരുന്ന 108 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സുകള്‍ നിരത്തിലിറക്കി. വാങ്ങിയശേഷം ഉപയോഗിക്കാതെ ഇട്ടിരുന്ന 10 ആംബുലന്‍സുകളാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികള്‍ക്ക് നൽകിയത്.
ആറ് ആംബുലന്‍സുകള്‍ തിരുവനന്തപുരത്തിനും നാലെണ്ണം ആലപ്പുഴക്കുമാണ് കൈമാറിയത്. ആംബുലന്‍സുകള്‍ ഉപയോഗശൂന്യമായി കിടക്കുന്ന സംഭവം വിവാദമായതോടെയാണ് ആശുപത്രികൾക്ക് കൈമാറാൻ തീരുമാനിച്ചത്.
വാഹനങ്ങള്‍ വാങ്ങിയ ശേഷം തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പില്‍ ഇട്ടിരിക്കുകയായിരുന്നു. മൂന്ന് മാസത്തിലേറെയായി മഴയും വെയിലുമേറ്റ് വാഹനങ്ങള്‍ ഇവിടെ കിടന്നതോടെ മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെട്ടു. ഇതോടെയാണ് ആംബുലന്‍സുകള്‍ നിരത്തിലിറക്കാന്‍ നടപടി എടുത്തത്.ഓക്സിജന്‍ സിലിണ്ടര്‍ കിട്ടാനുണ്ടായ കാലതാമസമായിരുന്നു ആംബുലന്‍സ് സര്‍വീസ് തുടങ്ങാൻ താമസിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ എല്ലാ സൗകര്യങ്ങളും ഇത്തരം ആംബുലസുകളിൽ ഉള്ളതാണ്.
Post Your Comments