തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങള്‍ സര്‍ക്കാരിനും തലവേദനയാകുന്നു. രാമന്റെ വിലക്ക് നീക്കാതെ മറ്റ് ആനകളെ പൂരം എഴുന്നള്ളിപ്പിന് വിട്ടു നല്‍കില്ലെന്ന് ആന ഉടമകള്‍ നിലപാടെടുത്തതിനു പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുമായി സുനില്‍കുമാര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു . ഇതിനിടെ സിപിഐക്കിടയിലും പ്രശ്നങ്ങൾ ഉള്ളതായാണ് സൂചന.
പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാര്‍ ഈ വിഷയത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളാണ് പ്രശ്നമായത്. വനം മന്ത്രി കെ.രാജുവും ജില്ലയില്‍ നിന്നുള്ള മന്ത്രിയായ വി.എസ്.സുനില്‍ കുമാറുമാണ് വിഷയത്തില്‍ നിരന്തരം ഇടപ്പെട്ടുകൊണ്ടിരിക്കുന്നത്. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തുടക്കം മുതല്‍ സുനില്‍ കുമാര്‍ ഇടപെട്ടിരുന്നു. എന്നാല്‍, വനം മന്ത്രിയാകട്ടെ ഒരു കാരണവശാലും ആനയുടെ വിലക്ക് നീക്കാനാകില്ലെന്ന ശക്തമായ നിലപാടിലും.
ഒടുവില്‍ ഫേസ്ബുക്കിലൂടെ രാമചന്ദ്രന് കൊലയാളി ആനയാണെന്ന് കെ.രാജു തുറന്നെഴുതിയതോടെ വിള്ളൽ രൂക്ഷമായെന്നാണ് സൂചന. എന്നാൽ വിഷയത്തില്‍ സുനില്‍കുമാര്‍ മൃദുസമീപനം തുടരുകയാണ്. ആനയെ എഴുന്നള്ളിക്കാനാകില്ലെന്ന വനംമന്ത്രിയുടെ കര്‍ക്കശ നിലപാടിനോട് സുനില്‍കുമാര്‍ പ്രതികരിക്കുകയോ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
Post Your Comments