Latest NewsInternational

നിയമനിര്‍മാണം ഭീകരവാദത്തിന് തടയിടുമോ; ശ്രീലങ്കയുടെ തീരുമാനം ഇങ്ങനെ

കൊളംബോ: ഈസ്റ്റര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ശ്രീലങ്ക. ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പാര്‍ലമെന്റിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് മറ്റൊരു ഭീകരാക്രമണത്തിനുള്ള സാധഅയത തള്ളിക്കളയാനാവില്ല. അതിനെ തടയിടാനായാണ് ഇത്തരമൊരു നടപടിക്കൊരുങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈസ്റ്റര്‍ ഞായറാഴ്ച 3 പള്ളികളിലും 3 വന്‍കിട ഹോട്ടലുകളിലുമുണ്ടായ ബോംബ് ആക്രമണങ്ങളില്‍ 253 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് പറഞ്ഞ വിക്രമസിംഗെ, ഭീകരവാദത്തിനെതിരെ നിയമനിര്‍മാണം നടത്തുമെന്നും വ്യക്തമാക്കി. ഈസ്റ്റര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീകരവാദികള്‍ക്ക് പ്രാദേശിക സഹായം നല്‍കിയവര്‍ക്കുള്ള തെരച്ചില്‍ നടക്കുന്നു.എട്ട് രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥരും എഫ്ബിഐയുടേയും ഇന്റര്‍പോളിന്റേയും സഹായത്തോടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം തുടരുന്നത്.

ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും പൊതുസ്ഥലങ്ങളിലും കര്‍ശന സുരക്ഷ തുടരുകയാണ്. ജനജീവിതം സാധാരണ ഗതിയിലേക്കെത്തുമ്പോഴും പൊതുയിടങ്ങളില്‍ ജനത്തിരക്ക് കുറവാണ്. രാജ്യത്തെ ടൂറിസം മേഖലയേയും ഭീകരാക്രമണം സാരമായി ബാധിച്ചു. ഹോട്ടലുകളിലും വിനോദസഞ്ചാരമേഖലകളിലും വന്‍തിരിച്ചടിയാണ് ഭീകരാക്രമണത്തെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്.

രാജ്യം സാധാരണ നില കൈവരിച്ചതായി സൈനിക മേധാവികളും പൊലീസ് മേധാവിയും സംയുക്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭീകരാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട നാഷനല്‍ തൗഹീദ് ജമ അത്ത് (എന്‍ടിജെ) എന്ന ഭീകര സംഘടനയുടെ പക്കലുണ്ടായിരുന്ന മുഴുവന്‍ സ്‌ഫോടക വസ്തു ശേഖരവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ആക്ടിങ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജിപി) ചന്ദന വിക്രമരത്നെ പറഞ്ഞു.

shortlink

Post Your Comments


Back to top button