തിരുവനന്തപുരം : തൈക്കാട് നോർക്ക സെന്ററിന്റെ ആറാം നിലയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന നോർക്ക റൂട്ട്‌സിന്റെ സർട്ടിഫിക്കറ്റ് ആതന്റിക്കേഷൻ സെന്റർ ഒന്നാം നിലയിലുള്ള നവീകരിച്ച ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ കെ വരദരാജൻ പുതിയ ഓഫീസ് തുറന്നുനൽകി.
നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം. രാധാകൃഷ്ണൻ, നോർക്ക റൂട്ട്‌സ് സർട്ടിഫിക്കറ്റ് ആതന്റിക്കേഷൻ ഓഫീസർ കെ. ജോണി, പ്രവാസി കമ്മീഷൻ മെമ്പർ സെക്രട്ടറി എച്ച്. നിസാർ, ലോകകേരളസഭാ സ്‌പെഷ്യൽ ഓഫീസർ ജി. ആഞ്ചലോസ,് നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഡി. ജഗദീശ്, റിക്രൂട്ട്‌മെന്റ് മാനേജർ അജിത്ത് കോളശ്ശേരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. വി. മത്തായി, ഹോം ആതന്റിക്കേഷൻ ഓഫീസർ വി. എസ.് ഗീതാകുമാരി, സെന്റർ മാനേജർ എ.ബി. അനീഷും നോർക്ക സെന്ററിലെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
മാനവവിഭവശേഷിവികസന മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ തേടിപ്പോകുന്ന ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാന സർക്കാർ സ്ഥാപനമാണ് നോർക്ക റൂട്ട്‌സ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ നോർക്ക റൂട്ട്‌സിന്റെ സർട്ടിഫിക്കറ്റ് ആതന്റിക്കേഷൻ കേന്ദ്രങ്ങൾ മുഖേനയാണ് ഇവ നിർവഹിക്കുന്നത്. യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ എംബസ്സി അറ്റസ്റ്റേഷനും, കുവൈറ്റ് വിസാ സ്റ്റാമ്പിംങ്ങും സൗദി എംബസ്സി അറ്റസ്റ്റേഷനും ഒമാൻ ഉൾപ്പെടെ 105 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൽ അറ്റസ്റ്റേഷനും നോർക്ക റൂട്ട്‌സ് നടത്തുന്നു.
Post Your Comments