കോഴിക്കോട്: ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും കാണാതായിട്ട് രണ്ടാഴ്ച്ച . യുവാവ് കള്ളക്കടത്ത് സംഘത്തിന്റെ കയ്യില്‍ അകപ്പെട്ടതായി സംശയം .
കോഴിക്കോട് അരക്കിണര്‍ സ്വദേശി മുസഫര്‍ അഹമ്മദ് വിമാനത്താവളത്തില്‍ ഇറങ്ങി വീട്ടിലേയ്ക്ക് വരുംവഴി കാണാതായത്. വിമാനത്താവളത്തില്‍ ഇറങ്ങിയ മുസഫര്‍ നാട്ടിലെത്തിയെന്നും ഉടന്‍ തന്നെ വീട്ടിലെത്തുമെന്നും വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവാവിനെ പറ്റി യാതൊരു വിവരവുമില്ല. . ഇതിനിടെയാണ് ചിലയാളുകള്‍ മുസഫറിന്റെ വീട്ടിലെത്തിയത്. സ്വര്‍ണ്ണവും ചോദിച്ചുകൊണ്ടായിരുന്നു സംഘത്തിന്റെ വരവ്. ഇതോടെയാണ് മുസഫറിന്റെ തിരോധാനത്തിന് സ്വര്‍ണ്ണക്കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി മാറാട് പൊലീസ് പറഞ്ഞു.
വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ മുസഫറിന്റെ തിരോധാനത്തിന് പിന്നില്‍ സ്വര്‍ണ്ണക്കള്ളക്കടത്തുകാരാണെന്ന് വ്യക്തമായി. ആറു മാസം മുമ്പ് മുസഫര്‍ നാട്ടിലേക്ക് വന്നിരുന്നു. അന്ന് ഇയാളുടെ കൈവശം കള്ളക്കടത്തു സംഘം സ്വര്‍ണം കൊടുത്തുവിട്ടു. നാട്ടിലെത്തിയാല്‍ ഈ സ്വര്‍ണം കൈമാറാമെന്ന വ്യവസ്ഥയോടെയായിരുന്നു സ്വര്‍ണം മുസഫറിനെ ഏല്‍പ്പിച്ചത്. എന്നാല്‍ നാട്ടിലെത്തിയ മുസഫര്‍ ഈ സ്വര്‍ണം കൈമാറിയില്ല. പിന്നീട് ഇയാള്‍ വിദേശത്തേക്ക് തന്നെ മടങ്ങുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് ഇയാള്‍ വീണ്ടും നാട്ടിലേക്ക് തിരിക്കുന്നത്. ഈ വിവരം മനസ്സിലാക്കിയ കള്ളക്കടത്ത് സംഘം മുസഫറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നത്.
വീട്ടില്‍ സ്വര്‍ണ്ണവുമന്വേഷിച്ച് ആളുകളെത്തിയ സ്ഥിതിക്ക് സ്വര്‍ണ്ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിമാനമിറങ്ങിയ മുസഫര്‍ ബന്ധുക്കളെ വിളിച്ച് നാട്ടിലെത്തിയ കാര്യം അറിയിച്ചിട്ടുണ്ട്. ദുബായില്‍ നിന്ന് ഇദ്ദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലല്ല ഇറങ്ങിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാണാതായെന്ന പരാതി ലഭിച്ച ശേഷവും ഇയാള്‍ കോഴിക്കോട് നഗരത്തില്‍ തന്നെ ഉണ്ടായിരുന്നു. മൊബൈല്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം പൊലീസിന് ലഭിച്ചത്.
Post Your Comments