News

പത്തനംതിട്ട ജില്ലയില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്നു; അപകടങ്ങള്‍ക്ക് കാരണം ജാഗ്രതക്കുറവ്

പത്തനംതിട്ട: ജില്ലയില്‍ മുങ്ങിമരണങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുന്നു. ഭൂരിപക്ഷം അപകടങ്ങള്‍ക്കും കാരണം ജാഗ്രതക്കുറവാണെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം നടത്തിയ വിശകലനത്തില്‍ വ്യക്തമായതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. 2018 ജനുവരി ഒന്ന് മുതല്‍ 2019 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 49 മുങ്ങിമരണങ്ങള്‍ ഉണ്ടായി. ആറുകളിലും തോടുകളിലും കനാലിലും പാറക്കുളങ്ങളിലുമായി 49 ജീവനുകള്‍ നഷ്ടപ്പെട്ടു. ഇതില്‍ ഒമ്പത് വയസുള്ള കുട്ടി മുതല്‍ 83 വയസ് പ്രായമുള്ളവര്‍ വരെ ഉള്‍പ്പെടുന്നു.

ജില്ലാ ദുരന്തനിവാരണ വിഭാഗം 49 മുങ്ങിമരണങ്ങള്‍ സംബന്ധിച്ച് വിശകലനം നടത്തി. മരണപ്പെട്ടവരില്‍ 15 പേര്‍ 25 വയസില്‍ താഴെയുള്ളവരാണ്. ഇതില്‍ തന്നെ അഞ്ച് പേര്‍ കുട്ടികളും 10 പേര്‍ കൗമാരക്കാരുമാണ്. 25 വയസിനും 50 വയസിനുമിടയില്‍ പ്രായമുള്ളവര്‍ 11 പേരുണ്ട്. ബാക്കിയുള്ളവര്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 18 നും 50 വയസിനും ഇടയില്‍ മരിച്ചവര്‍ 17ഉം 50നും 85നും മധ്യേ പ്രായമുള്ള 16 പേരുമാണ് മുങ്ങി മരിച്ചത്.

2019 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 12 പേര്‍ മുങ്ങിമരിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മരണപ്പെട്ടത് അഞ്ച് പേരാണ്. കഴിഞ്ഞ വര്‍ഷത്തേതിന്റെ ഇരട്ടിയാണ് ഈ വര്‍ഷത്തെ മുങ്ങിമരണം. 2018 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങള്‍ ഉള്‍പ്പെടുന്ന മധ്യവേനല്‍ അവധിക്കാലത്ത് രണ്ട് കൗമാരക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ മാത്രം നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വര്‍ഷകാലമായി കണക്കാക്കുന്ന ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 25 പേരാണ് മുങ്ങിമരിച്ചത്. അത്രതന്നെ വേനല്‍കാലത്തും മരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തെ തുടര്‍ന്ന് ആഗസ്റ്റ് 15 മുതല്‍ 27 വരെ ജില്ലയില്‍ വെള്ളത്തില്‍വീണ് ഏഴ് പേര്‍ മരിച്ചു. കുളിക്കുന്നതിനും മീന്‍ പിടിക്കുന്നതിനും ഉള്‍പ്പെടെ ഇറങ്ങിയവരാണ് മരണപ്പെട്ടത്. ഇവയൊന്നും പ്രളയവുമായി ബന്ധപ്പെട്ട് ഉണ്ടായവയല്ല. ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഈ മരണങ്ങളും ഒഴിവാക്കാമായിരുന്നു.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ മുങ്ങിമരണങ്ങള്‍ ഉണ്ടാകുന്നത് പമ്പാ നദിയിലെ പെരിനാട്, വടശേരിക്കര, കോഴഞ്ചേരി, ആറന്മുള എന്നീ ഭാഗങ്ങളിലും അച്ചന്‍കോവിലാറ്റിലെ കോന്നി, വള്ളിക്കോട്, പ്രമാടം, തുമ്പമണ്‍ എന്നീ ഭാഗങ്ങളിലും കല്ലടയാറ്റിലുമാണ്. സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത് ഈ വര്‍ഷത്തെ മുങ്ങിമരണങ്ങളുടെ ക്രമാതീതമായ വര്‍ധനയാണ്. മുങ്ങിമരണങ്ങള്‍ കൂടാനുള്ള ഒരു സാധ്യത, കഴിഞ്ഞവര്‍ഷം ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലാണെന്ന് വിലയിരുത്തപ്പെടുന്നു. മണല്‍ അടിഞ്ഞ സ്ഥലങ്ങളില്‍ ചെളിയും അടിഞ്ഞിട്ടുള്ളതിനാല്‍ നദിയുടെ ആഴം കണക്കാക്കാന്‍ പറ്റാതെ വരുന്നതാകാം ഒരു കാരണം. മറ്റൊരു പ്രധാന കാരണമായി അഗ്നിശമന സേനാ ഉദേ്യാഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത് നീന്തല്‍ അറിയാത്തതോ പരിചയം ഇല്ലാത്ത സ്ഥലങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുന്നതോ ആണ്. അവധി ദിവസങ്ങളില്‍ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീട്ടില്‍ വരുന്നതും തീരെ പരിചയമില്ലാത്ത പുഴയുടെ ഭാഗങ്ങളില്‍ കുളിക്കാന്‍ ഇറങ്ങുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്.

പ്രായഭേദമെന്യേ കൗമാരക്കാരിലും പ്രായമായവരിലും നീന്തലിനെപ്പറ്റിയും പുഴകളെപ്പറ്റിയും അവബോധം ഉണ്ടാക്കിയെടുക്കുകയാണ് ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗം. സ്‌കൂളുകളിലും സമൂഹത്തിലും ഇതിനായി വ്യാപകമായി പ്രചാരണം നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. വെള്ളത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കുന്നതിന് പരിശീലനം നല്‍കുകയും രക്ഷപ്പെടുത്തിയവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നത് സംബന്ധിച്ച് ക്ലബുകള്‍, സന്നദ്ധസേവകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുമെന്നും മുങ്ങിമരണങ്ങള്‍ വിഷയമാക്കി അടിക്കടി അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ മോക്ഡ്രില്‍ നടത്തുമെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.

രക്ഷകര്‍ത്താക്കള്‍ കുട്ടികളെ തനിച്ച് പുഴയിലോ തോടുകളിലോ കുളിക്കാന്‍ വിടുന്നത് നിരുത്സാഹപ്പെടുത്തണമെന്നും പ്രായഭേദമെന്യേ ആരും തന്നെ പുഴയുടെ പരിചിതമല്ലാത്ത ഭാഗങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അഭ്യര്‍ഥിച്ചു. ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ച ശേഷം പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നത് അപകടത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button