KeralaNews

പ്രളയത്തെ അതിജീവിച്ച് ചേന്ദമംഗലം കൈത്തറി; ഈ വര്‍ഷത്തെ സ്‌കൂള്‍ യൂണിഫോമുകള്‍ തയ്യാര്‍

 

കൊച്ചി: ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലത്തെ ശക്തമായി തിരിച്ചു വരുകയാണ്. അടുത്ത അധ്യയന വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുത്തന്‍ യൂണിഫോം തുണികള്‍ തയാറാക്കിയിരിക്കുകയാണ് ചേന്ദമംഗലം കൈത്തറി. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നല്‍കുന്ന കൈത്തറി യൂണിഫോമുകളുടെ ആദ്യഘട്ട വിതരണത്തിനുളള തുണികള്‍ പറവൂരിലെ നാല് കൈത്തറി നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നായി പോയിക്കഴിഞ്ഞു.

2016 മുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം തുണികള്‍ ചേന്ദമംഗലത്ത് നെയ്തു തുടങ്ങിയത്. നെയ്ത്ത് സഹകരണ സംഘങ്ങളില്‍ തയ്യാറാകുന്ന യൂണിഫോമുകള്‍ ഹാന്‍ടെക്സിലേക്കാണ് കൊണ്ടു പോകുന്നത്. ചേന്ദമംഗലത്ത് തയ്യാറാക്കുന്ന മങ്ങിയ വെളുത്ത നിറത്തിലുള്ള തുണികള്‍, സ്‌കൂളുകളിലെ വ്യത്യസ്ത തരം യൂണിഫോമുകള്‍ അനുസരിച്ച് നിറത്തിലും പാറ്റേണുകളിലും ഹാന്‍ടെക്സ് മാറ്റം വരുത്തും. പിന്നീട് സ്‌കൂളുകളിലേക്ക് അവിടെ നിന്ന് വിതരണം ചെയ്യും. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ജോഡി യൂണിഫോം തുണികള്‍ സൗജന്യമായി നല്‍കും.

ഓരോ കൈത്തറി സംഘങ്ങളിലുമുള്ള തറികളുടെ എണ്ണം അനുസരിച്ചാണ് യൂണിഫോമുകള്‍ക്കുള്ള ഓര്‍ഡറുകള്‍ നല്‍കുന്നത്. പറവൂരിലെ നാല് കൈത്തറി സഹകരണ സംഘങ്ങള്‍ കൂടാതെ കുര്യാപ്പിള്ളി, ചെങ്ങമനാട്, ചെറായി, കുഴുപ്പിള്ളി, മുളന്തുരുത്തി, മൂവാറ്റുപുഴ എന്നിവയാണ് യൂണിഫോം തയ്യാറാക്കുന്ന ജില്ലയിലെ മറ്റ് കൈത്തറി സംഘങ്ങള്‍. സര്‍ക്കാരാണ് നെയ്യുന്നതിനുള്ള നൂലും തൊഴിലാളികള്‍ക്ക് കൂലിയും നല്‍കുന്നത്. യാണ്‍ ബാങ്കുകള്‍ വഴിയാണ് നൂലുകള്‍ കൈത്തറി സംഘങ്ങളില്‍ എത്തുക. മറ്റ് തുണിത്തരങ്ങള്‍ നെയ്യുന്നതിനേക്കാള്‍ മികച്ച വേതനമാണ് യൂണിഫോം നിര്‍മ്മാണ തൊഴിലാളിക്ക് ലഭിക്കുന്നത്. മീറ്റര്‍ ഒന്നിന് 44.12 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദിവസത്തില്‍ ആറ് മീറ്റര്‍ യൂണിഫോം വരെ ഒരു തൊഴിലാളിക്ക് നെയ്യാന്‍ സാധിക്കും.

shortlink

Post Your Comments


Back to top button