കൊച്ചി: ആഴ്ച്ചകള്‍ക്ക് മുമ്പ് കേരളം ഹൃദയമടക്കിപ്പിടിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഒരു ദിവസമുണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്നും എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ അഞ്ചരമണിക്കൂറിനുള്ളില്‍ എത്തിക്കുമ്പോള്‍ ആ കുഞ്ഞുജീവനായി കേരളക്കരയൊന്നടങ്കം പ്രാര്‍ത്ഥിച്ചിരുന്നു.
തുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയമാക്കിയ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും കുട്ടിയെ അടുത്ത ആഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അമൃതാ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ഒരുമാസം പ്രായമായ കുട്ടിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണ്. ഐസിയുവില്‍ നിന്ന് കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരവും കുട്ടിയുടെ ആരോഗ്യനില മാനിച്ചും സന്ദര്‍ശകരെ അനുവദിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
ഏപ്രില്‍ 16നാണ് മംഗലാപുരം സ്വദേശികളായ സാനിയാ-മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ പള്‍മണറി ബൈപ്പാസിലൂടെ നടത്തിയ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ഹൃദയവാല്‍വിന്റെ സങ്കോചവും മഹാധമനിയുടെ തകരാറും ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടക്കുകയും ചെയ്തിരുന്നു. ‘ഹൃദ്യം’ പദ്ധതിയിലുള്‍പ്പെടുത്തി കേരള സര്‍ക്കാരാണ് കുട്ടിയുടെ ചികിത്സാ ചെലവുകള്‍ വഹിച്ചത്.
Post Your Comments