അമേരിക്കയുടെ നാഷണല്‍ ഏയ്റോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍ (NASA) 2009നും 2011നും ഇടയ്ക്ക് അയച്ച റോക്കറ്റുകളില്‍ പലതും നിലം പതിച്ചു. ഇതു മൂലമുണ്ടായ നഷ്ടം 70 കോടി ഡോളറാണ് (ഏകദേശം 4,857 കോടി രൂപ) എന്നാണ് കണക്കാക്കുന്നത്. ഇതിന്റെ കാരണമറിഞ്ഞ് ഏവരും ഞെട്ടിയിരിക്കുകയാണ്. ഒരു വ്യാജ കമ്പനിയാണ് നാസയ്ക്ക് ഘടകഭാഗങ്ങള്‍ എത്തിച്ചു കൊടുത്തത്.
ഒറിഗണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സപാ പ്രൊഫൈല്‍സ് ആണ് നാസയുടെ റോക്കറ്റ് നിര്‍മാണത്തിന് അലുമിനിയം ഭാഗങ്ങള്‍ ഉണ്ടാക്കി നല്‍കിയത്. തകരാറു വരാന്‍ സാധ്യതയുള്ള സാധനങ്ങള്‍ രണ്ടു പതിറ്റാണ്ടായി നാസയ്ക്കു നല്‍കി വന്നിരുന്നതായി ഈ കമ്പനി ഇപ്പോള്‍ കോടതിയില്‍ സമ്മതിച്ചിരിക്കുകയാണ്. അമേരിക്കയുടെ പ്രതിരോധ വകുപ്പിനും ഈ കമ്പനി സാധനങ്ങള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. സ്പാ പ്രൊഫൈല്‍സിന്റെ ഉടമയായ നോര്‍സ്‌ക ഹൈഡ്രോയോട് 46 മില്ല്യന്‍ ഡോളര്‍ പിഴയടയ്ക്കാന്‍ വിധി വന്നിട്ടുണ്ട്. കമ്പനിയുടെ ലാബിന്റെ സൂപ്പര്‍വൈസര്‍ ഡെനിസ് ബാലിയസിന് മൂന്നു വര്‍ഷം തടവു ശിക്ഷയും വിധിച്ചു.
റ്റാറസ് എക്സ്എല്‍ തകര്‍ന്നതിനെപ്പറ്റി നടത്തിയ അന്വേഷണം അലൂമിനിയം ജോയിന്റുകളുടെ ക്ഷമതക്കുറവാണ് കാരണമെന്നു കണ്ടെത്തിയിരുന്നു. ഇത് പിന്നീട് സ്വതന്ത്ര ടെസ്റ്റു നടത്തിയപ്പോള്‍ സ്പാ പ്രൊഫൈല്‍സ് നല്‍കിയ ടെസ്റ്റ് റിസള്‍ട്ടുകള്‍ തെറ്റായിരുന്നുവെന്നു കണ്ടെത്തി. അതിനു നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകളും തെറ്റായിരുന്നു. ഈ കണ്ടെത്തലുകള്‍ നാസയ്ക്കു കൈമാറുകയും പിന്നീട് അവര്‍ നടത്തിയ അന്വേഷണങ്ങളില്‍ സ്പാ പ്രൊഫൈല്‍സ് 1996നും 2015നും ഇടയ്ക്കു നല്‍കിയ പല പ്രമാണങ്ങളും തെറ്റായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. അവര്‍ നല്‍കിയ അലൂമിനിയം ലോഹത്തിന്റെ ശക്തി നാസയ്ക്കു വേണ്ട തരത്തിലുളളതായിരുന്നില്ലെന്നു കണ്ടെത്തി. സ്പാ പ്രൊഫൈല്‍സ് തങ്ങളുടെ പ്രമാണങ്ങളില്‍ ഇതു തെറ്റായി കാണിക്കുകയായിരുന്നു.
ഇതു തന്റെ പിഴയാണെന്ന് ഏറ്റു പറഞ്ഞതിനാണ് സൂപ്പര്‍ വൈസര്‍ ഡെനിസിന് മൂന്നു വര്‍ഷം തടവു കിട്ടിത്. കമ്പനി നല്‍കിയ ടെസ്റ്റ് റിസള്‍ട്ടുകള്‍ നാസ വിശ്വസിക്കുകയായിരുന്നു.നാസയ്ക്കും പ്രതിരോധ വകുപ്പിനും മാത്രമല്ല 450 തോളം ഉപഭോക്താക്കള്‍ക്കായി സുരക്ഷിതല്ലാത്ത, ഗുണനിലവാരമില്ലാത്ത, നിര്‍മാണ യോഗ്യമല്ലാത്ത ഘടകഭാഗങ്ങള്‍ നല്‍കുക വഴി കോടിക്കണക്കിനു ഡോളര്‍ നഷ്ടമാണ് ഈ കമ്പനി ഉണ്ടാക്കി വച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരില്‍ നിന്നു ഘടകഭാഗങ്ങള്‍ വാങ്ങിയിരുന്ന ആരും തന്നെ ടെസ്റ്റു ചെയ്യാതെയല്ല വാങ്ങിയത്. എന്നാല്‍ ടെസ്റ്റിങ്ങിലാണ് കബളിപ്പിക്കല്‍ നടന്നുകൊണ്ടിരുന്നതും. പരീക്ഷണ ഫലം കൃത്രിമമായി സൃഷ്ടിച്ചാണ് ഇവര്‍ മോശം ഭാഗങ്ങളുടെ വില്‍പന നടത്തി വന്നത്.
Post Your Comments