ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലി ബംഗാള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. മമതാ ബാര്‍നജിയെ രണ്ടുവട്ടം ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാന്‍ അവര്‍ തയാറായില്ലെന്ന് മോദി ഒഡീഷയില്‍ പറഞ്ഞു.
രാവിലെ ഒഡീഷയിലെത്തിയ മോദി മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനൊപ്പം ഹെലികോപ്റ്ററില്‍ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. ചുഴലിക്കാറ്റ് അടിക്കുന്നതിനു മുമ്പ് ദീദിയുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ധാര്‍ഷ്ട്യം മൂലം അവര്‍ അതിനു തയാറായില്ല എന്നും മോദി പറഞ്ഞു. തിരിച്ചുവിളിക്കുമെന്നു കരുതിയെങ്കിലും അതും ഉണ്ടായില്ല. ഒരുവട്ടം കൂടി വിളിച്ചിട്ടും കാര്യമുണ്ടായില്ല. ബംഗാളിലെ ജനങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കേന്ദ്രം നേരത്തെ 381 കോടി അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000 കോടി നല്‍കുമെന്ന് നരേന്ദ്രമോദി വാഗ്ദാനം നല്‍കിയത്. കൂടാതെ ഒഡീഷ സര്‍ക്കാര്‍ ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തു. ഫോനി ചുഴലിക്കാറ്റില്‍ കട്ടിടം, റോഡ് എന്നിവയുടെ നഷ്ടം മാത്രം 12000 കോടി രൂപ വരുമെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്.30 പേരാണ് ഒഡീഷയില്‍ കൊല്ലപ്പെട്ടത്. പുരിയിലാണ് നാശ നഷ്ടങ്ങളേറെയും. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു.
Post Your Comments