മലപ്പുറം : വളാഞ്ചേരിയില്‍ 17 വയസുകാരിയെ പീഡിപ്പിച്ചു കടന്നുകളഞ്ഞ വളാഞ്ചേരിയിലെ എല്‍.ഡി.എഫ്. സ്വതന്ത്ര കൗണ്‍സലര്‍ ഷംസുദ്ദീനെതിരേ ഇന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാള്‍ വിദേശത്തേക്കു കടന്നതായാണ് സൂചന. വളാഞ്ചേരി പോലീസാണു ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ 10വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണു പോലീസ് ചുമത്തിയിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്‍കി 17 വയസുകാരിയെ വളാഞ്ചേരിയിലെ എല്‍.ഡി.എഫ് കൗണ്‍സലര്‍ ഷംസുദ്ദീന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്. 2016 ജൂലൈയിലായിരുന്നു സംഭവം. വിവാഹ വാഗ്ദാനത്തില്‍നിന്നു കൗണ്‍സലര്‍ പിന്മാറിയതോടെ പെണ്‍കുട്ടി ചൈല്‍ഡ്ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈനും പോലിസും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തു. ഇതിനിടെയാണു കൗണ്‍സലര്‍ മുങ്ങിയത്.
അതേ സമയം, മന്ത്രി കെ.ടി. ജലീലുമായി കൗണ്‍സലര്‍ ഷംസുദ്ദീന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും പ്രതിയെ സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും ആരോപിച്ച് പെണ്‍കുട്ടിയുടെ സഹോദരി രംഗത്തുവന്നു. പോലീസ് കേസായി മാറിയപ്പോള്‍ തന്നെ ഷംസുദ്ദീന്‍ മുങ്ങുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഈ വിവരം മന്ത്രി ജലീലിനെ അറിയിച്ചിട്ടും നടപടി വേഗത്തിലാക്കാന്‍ മന്ത്രി ഇടപെട്ടില്ലെന്നാണ് ആരോപണം. ജലീലും ഷംസുദ്ദീനും ഉറ്റ സുഹൃത്തുക്കളാണെന്നാണു കുട്ടിയുടെ കുടുംബം പറയുന്നത്. എന്നാല്‍ ആരോപണം മന്ത്രി കെ.ടി. ജലീല്‍ നിഷേധിച്ചു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും ഷംസുദ്ദീനെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി. കുട്ടിയെ കാണാതായ ദിവസം മന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു എന്നും അദ്ദേഹം ഇടപെട്ടിരുന്നെങ്കില്‍ കുട്ടിയെ കണ്ടെത്താകുമായിരുന്നെന്നും സഹോദരി ആരോപിച്ചു.
Post Your Comments