Latest NewsKerala

മൂന്നാര്‍ പഞ്ചായത്തില്‍ വന്‍ അഴിമതി; തുറക്കാത്ത ലൈബ്രറിക്കും ലൈബ്രേറിയന്‍

ഇടുക്കി: പുസ്തകങ്ങളില്ലാതെ അടഞ്ഞുകിടക്കുന്ന പഞ്ചായത്ത് ലൈബ്രറിയുടെ പേരില്‍ ജീവനക്കാരിക്ക് പ്രതിമാസം നല്‍കുന്നത് 6000 രൂപ ശമ്പളം. മൂന്നാര്‍ പഞ്ചായത്ത് ലൈബ്രറിയാണ് പുസ്തകങ്ങളില്ലാതിരുന്നിട്ടും ലൈബ്രേറിയനെ ശമ്പളം കൊടുത്ത് നിര്‍ത്തിയിരിക്കുന്നത്. അടഞ്ഞ് കിടക്കുന്ന ലൈബ്രറിയില്‍ ആകെയുള്ളത് ചാക്കുകെട്ടുകള്‍ മാത്രമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും വന്‍ അഴിമതി നടക്കുന്നുണ്ടെന്ന ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ലൈബ്രറിയുടെ പേരില്‍ ജീവനക്കാരി പ്രതിമാസം ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ആദ്യത്തെ ലൈബ്രറി ജീവനക്കാരുന്ന അബ്ദുള്‍ ഖാദര്‍ അസുഖം മൂലം ജോലിയില്‍ നിന്നും പിരിഞ്ഞു പോയ ഒഴിവിലേക്കാണ് വനിതാ ജീവനക്കാരിയെ നിയമിച്ചത്. 2018 ഫെബ്രുവരി 21നായിരുന്നു ഇവരുടെ നിയമനം. എന്നാല്‍ ഇവര്‍ ഒരു ദിവസം പോലും തുറക്കാത്ത ലൈബ്രറിയുടെ രജിസ്റ്ററില്‍ അവധി ദിവസങ്ങളിലടക്കം ഒപ്പ് രേഖപ്പെടുത്തി ശമ്പളം കൈപ്പറ്റുകയായിരുന്നു.

പൊതുജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ അടഞ്ഞുകിടക്കുന്ന ലൈബ്രറിയുടെ പേരില്‍ വന്‍ അഴിമതിയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അനധികൃത രജിസ്റ്ററുണ്ടാക്കി ആയിരക്കണക്കിന് രൂപ ശമ്പളയിനത്തില്‍ കൈപ്പറ്റുന്ന ജീവനക്കാരിക്കും ഇതിന് ഒത്താശ ചെയ്യുന്ന പഞ്ചായത്ത് അധികൃതര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എന്നാല്‍ പഞ്ചായത്ത് കോംമ്പൗണ്ടിലുള്ള ലൈബ്രറിയുടെ കെട്ടിടം വാടകയ്ക്ക് കൊടുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും ഇതിന് തയ്യാറാകാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉയരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി പറഞ്ഞു. മുമ്പുണ്ടായിരുന്ന ജീവനക്കാരന്‍ ലൈബ്രറിയുടെയും വേയ്സ്റ്റ് മാനേജ്മന്റിന്റെയും ചുമതലയുണ്ടായിരുന്നു. രണ്ട് ജോലിക്കും കൂടി അദ്ദേഹം പ്രതിമാസം 12,000 രൂപ ശമ്പളം വാങ്ങിയിരുന്നു. ഇപ്പോഴത്തെ ലൈബ്രേറിയന് 6,000 രൂപയാണ് ശമ്പളം.ലൈബ്രറി എല്ലാ ദിവസവും തുറക്കാറുണ്ടെന്നും എന്നാല്‍ പുസ്തകങ്ങള്‍ കുറവാണെന്നും പത്രങ്ങള്‍ ലൈബ്രറിയിലുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button