ആഹോഗ്യ മേഖലയില്‍ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു നിപ. കോഴിക്കോട് നിപ വൈറസ് ബാധിച്ച മൂന്ന് പേര്‍ രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍. ശരീരം സ്വയം പ്രതിരോധ ശേഷി ആര്‍ജിച്ചതിനാലാണ് മൂന്നു പേരും രക്ഷപ്പെട്ടത് എന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് പേരില്‍ കൂടി നിപ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിക്കുകയാണ് ലേഖനം.
ഉയര്‍ന്ന പ്രതിരോധശേഷി കൊണ്ടോ വൈറസുകളുടെ എണ്ണം കുറഞ്ഞതു കൊണ്ടോ ആയിരിക്കാം ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണാതിരുന്നതെന്നാണ് നിഗമനം. ചെന്നൈയിലെ എപിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് എന്നീ സ്ഥാപനങ്ങളിലെ ആരോഗ്യ വിദഗ്ധര്‍, സംസ്ഥാന ആരോഗ്യ ഡയറക്ടര്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 പേര്‍ ചേര്‍ന്ന് തയ്യാറാക്കിയ ലേഖനത്തിലാണ് പുതിയ കണ്ടെത്തല്‍.
വവ്വാലുകളില്‍ രോഗം ഉണ്ടാകാറില്ല. അതേസമയം വവ്വാലുകള്‍ രോഗാണുവാഹകരാണ്. എന്നാല്‍ ഇതുവരെ മനുഷ്യര്‍ രോഗാണുവാഹകരായി കണ്ടിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നു. രോഗബാധയുള്ളവരുമായി അടുത്ത് ഇടപഴകുന്നത് വഴിയാണ് വൈറസ് വ്യാപനമുണ്ടാകുന്നത്. ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും നിപ വ്യാപനമുണ്ടായത് അടുത്തിടപഴകിയവരിലാണ്. അതേ രീതിയില്‍ തന്നെയാണ് കേരളത്തിലുമുണ്ടായത്.
കഴിഞ്ഞ വര്‍ഷം 18 പേരിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി അടുത്തിടപഴകിയ ആരോഗ്യ പ്രവര്‍ത്തകരും ബന്ധുക്കളും അടക്കം 279 പേരുടെ രക്ത സാംപിളുകള്‍ പിന്നീട് പരിശോധിച്ചു. ഇതില്‍ രണ്ട് ബന്ധുക്കളുടെയും ആരോഗ്യപ്രവര്‍ത്തകന്റെയും ശരീരത്തില്‍ നിപ വൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയെന്നാണ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രസിദ്ധീകരിക്കുന്ന എമര്‍ജിങ് ഇന്‍ഫെക്ഷിയസ് ഡിസീസസ് ജേര്‍ണലിന്റെ മെയ് ലക്കത്തിലെ ലേഖനത്തില്‍ പറയുന്നത്.
Post Your Comments