കോട്ടയം: ‘വീടിനു പിന്നില്‍ കഞ്ചാവ് തോട്ടം, 33 കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പൊലീസ് വലയിലായി. പെരുവ മാവേലിത്തറയില്‍ വീട്ടില്‍ മാത്യൂസ് റോയിയെ ( 21) ആണ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സി. സുരേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 33 കഞ്ചാവ് ചെടികളാണ് തടമെടുത്ത് വളമിട്ട് നനച്ചു വളര്‍ത്തിയത്. 2 മാസം വളര്‍ച്ച എത്തിയതും 20 സെന്റീമീറ്ററില്‍ അധികം ഉയരമുള്ളതുമായ കഞ്ചാവ് ചെടികളാണ് പിടിച്ചെടുത്തത്. എക്സൈസ് ഡപ്യൂട്ടി കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ഏറെ നാളായി ഇയാളുടെ നീക്കങ്ങള്‍ എക്സൈസ് നിഴല്‍സംഘം നിരീക്ഷിച്ചു വരികയായിരുന്നു.
കഞ്ചാവു ചെടികള്‍ വളമിട്ട് നനയ്ക്കുന്നതിനിടെയാണ് എക്സൈസ് സംഘം സ്ഥലത്ത് എത്തിയത്. കടക്കാന്‍ ശ്രമിച്ച മാത്യൂസിനെ തന്ത്രപൂര്‍വമാണ് പിടിയിലാക്കിയത്. ഇയാള്‍ മുന്‍പും കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചശേഷം വിത്തെടുത്താണു നട്ടുവളര്‍ത്തിയത്. ഒരു മാസം കൂടി കഴിഞ്ഞാല്‍ ഉപയോഗത്തിനു പാകമാവുന്ന കഞ്ചാവ് ചെടികളാണിവ. ഇതു കഞ്ചാവ് ചെടിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments