തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എസ്എഫ്‌ഐ നേതാക്കളുടെ ഭീഷണിയെത്തുടര്‍ന്നെന്ന് ആത്മഹത്യാ കുറിപ്പ്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. കോളേജിലെ എസ്എഫ്‌ഐ നേതാക്കള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. ഇന്നലെ മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. രാവിലെ കോളേജിലെ മുറി വൃത്തിയാക്കാനെത്തിയവരാണ് രക്തം വാര്‍ന്ന് ബോധരഹിതയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. ജീവനക്കാര്‍ ഉടനെ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ത്ഥിനി ഇപ്പോള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനും പ്രചാരണങ്ങളില്‍ ഭാഗമാകുവാനും നിര്‍ബന്ധിക്കുന്നു.
അതിന് കൂട്ടുനില്‍ക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. ക്ലാസുകളും അധ്യയന വര്‍ഷവും നഷ്ടമാക്കി സമരങ്ങളും പഠിപ്പുമുടക്കുകളും സംഘടിപ്പിക്കുന്നതിനെതിരെ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഭീഷണി ശക്തമായെന്നും കുറിപ്പില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ പ്രിന്‍സിപ്പാളിനോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനോ പരാതി സംബന്ധിച്ച് അന്വേഷണം നടത്താനോ തയ്യാറായിട്ടില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
അതേസമയം, വിദ്യാര്‍ത്ഥിനിയുടെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് പ്രന്‍സിപ്പാളിന്റെ പ്രതികരണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments