കാരക്കസ് : വെനസ്വേല വിഷയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് വന്‍ശക്തികളായ റഷ്യയും അമേരിക്കയും. വെനസ്വേലയിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് തുറന്ന വാക്‌പോരില്‍ ഏര്‍പ്പെട്ട് യുഎസും റഷ്യയും. വെനസ്വേലയില്‍ വേണ്ടിവന്നാല്‍ സൈനികമായി ഇടപെടുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഏത് ഇടപെടലും ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.
ഇതിനിടെ, മേയ് ദിനത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജുറുബിത്ത് റോസിയോ (27) എന്ന വനിത പട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചു. മാധ്യമ പ്രവര്‍ത്തകനടക്കം 46 പേര്‍ക്കു പരുക്കേറ്റു. 150 പേര്‍ അറസ്റ്റിലായി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിയാര്‍ജിക്കാതെ വന്നതിനാല്‍ രാജ്യമാകെ പണിമുടക്ക് നടത്തി സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വീഡോയുടെ അടുത്ത ശ്രമം. ലോങ് മാര്‍ച്ച് നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. യുഎസ് ആണ് അട്ടിമറിക്കു ശ്രമിക്കുന്നവരുടെ പിന്നിലുള്ളതെന്ന് ആരോപിച്ച മഡുറോ, പ്രക്ഷോഭകരെ തടവിലിടുമെന്നു മുന്നറിയിപ്പ് നല്‍കി. പ്രക്ഷോഭം അടിച്ചമര്‍ത്തരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
റഷ്യയാണ് വെനസ്വേലയില്‍ അസ്ഥിരത വളര്‍ത്തുന്നതെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോ ആരോപിച്ചത്. പ്രസിഡന്റ് നിക്കോളാസ് മഡുറോ രാജ്യം വിട്ടോടാനിരിക്കുകയായിരുന്നെന്നും റഷ്യയുടെ പ്രേരണയായാലാണ് തുടരുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ ആരോപണം റഷ്യ നിഷേധിച്ചു. സൈനിക ഇടപെടലിനെതിരെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗ്വീഡോ കഴിഞ്ഞ ജനുവരിയില്‍ ഇടക്കാല പ്രസിഡന്റായി സ്വയം അവരോധിക്കുകയും യുഎസ് അടക്കം അന്‍പതോളം രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തെങ്കിലും ഇതുവരെ അദ്ദേഹത്തിന് സൈന്യത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. സൈന്യത്തിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മഡുറോയ്ക്കു തന്നെയാണ് ഇപ്പോഴും സ്വാധീനം.
Post Your Comments