പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രസംഗത്തിന്റെ പരിഭാഷ തടസ്സപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താൻ കെ.പി.സി.സി. അധ്യക്ഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പി.ജെ. കുര്യൻ രാഹുൽഗാന്ധിക്ക് കത്ത് നൽകി. പാർട്ടിസംവിധാനത്തിലൂടെ അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ പോലീസ് അന്വേഷണം വേണമെന്നും കത്തിൽ പി.ജെ. കുര്യൻ ആവശ്യപ്പെടുന്നു.
രാഹുൽ പറയുന്നത് പലപ്പോഴും തനിക്ക് ശരിയായി കേൾക്കാൻ കഴിയാഞ്ഞതാണ് പരിഭാഷ തടസപ്പെടാനുള്ള കാരണമായി പി.ജെ. കുര്യൻ പറഞ്ഞിരുന്നത്. പാർട്ടിയിലെ തന്റെ എതിരാളികളുടെ ഇടപെടലാകാം പരിഭാഷ തടസ്സപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചതെന്നും പ്രസംഗം വ്യക്തമായി കേൾക്കാൻ സഹായിക്കുന്ന ഫീഡ് ബാക്ക് മോണിറ്റർ വേദിയിൽനിന്ന് മാറ്റിയതാണ് പ്രശ്നം സൃഷ്ടിച്ചെതെന്നുമാണ് കത്തിൽ സൂചിപ്പിക്കുന്നത്. ഫീഡ് ബാക്ക് മോണിറ്റർ വേദിയിൽനിന്ന് മാറ്റുകയോ അത് പ്രസംഗവേദിയിൽ സ്ഥാപിക്കാതിരിക്കുകയോ ചെയ്തതിനുപിന്നിൽ ആരെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Post Your Comments