ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം. കനത്ത മഴയിലും ശക്തമായ കാറ്റിലും വിമാനത്താവളത്തിലെ മുന്‍വശവും മേല്‍ക്കൂരയും തകര്‍ന്നു. ഫോനി ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനസര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണി മുതല്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളും ഒരു ദിവസത്തേക്ക് റദ്ദ് ചെയ്തിരുന്നു.
സ്ഥിതി ഗതികള്‍ നിരീക്ഷിക്കാനും വിമാന യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ നടപടികളെടുക്കാനും വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.ഒഡീഷ തീരത്ത് കനത്ത നാശംവിതച്ച ചുഴലിക്കാറ്റ് ഇപ്പോള്‍ ബംഗാള്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറില്‍ 184 കിലോമീറ്റര്‍ വേഗതയില്‍ ഒഡീഷ തീരത്ത് ആഞ്ഞടിച്ച കാറ്റ് തീവ്രതകുറഞ്ഞ് 130 കിലോമീറ്റര്‍ വേഗതയില ആയിട്ടുണ്ട്.
വടക്ക്, വടക്ക് -കിഴക്ക് ദിശയിലാണ് കാറ്റ് ഇപ്പോള്‍ വീശിക്കൊണ്ടിരിക്കുന്നത്.കാറ്റിനൊപ്പം ശക്തമായ മഴയും മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. ഒഡീഷയില്‍ വ്യാപകമായ കൃഷിനാശവും കെട്ടിടങ്ങളുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. പുരി മേഖലയില്‍ ഏഴു പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നു രാത്രിയോടെ ഒഡീഷയില്‍ നിന്ന് ബംഗാള്‍ തീരത്തേക്ക് കാറ്റ് മാറും. നാളെ രാവിലെയോടെ കാറ്റ് ബംഗാള്‍ തീരത്ത് എത്തും. അതെ സമയം ആന്ധ്രാപ്രദേശില്‍ 733 വില്ലേജുകളില്‍ ചുഴലിക്കാറ്റ് നാശം വിതച്ചതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറിയിച്ചു. 10 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി
Post Your Comments