ന്യൂഡല്‍ഹി: ലോകസ്ഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തോടടുക്കുമ്പോള്‍ സംസ്ഥാനങ്ങളിലെ സീറ്റുനില വിലയിരുത്തി കോണ്‍ഗ്രസ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2009ലെ അതേ ഫലം തന്നെ ആവര്‍ത്തിക്കാനുള്ള സാദ്ധ്യതയാണ് കോണ്‍ഗ്രസ് പ്രവചിക്കുന്നത്.2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അതേ രീതിയിലാണ് ആദ്യ ഘട്ടം പോയതെങ്കിലും കോണ്‍ഗ്രസിന് പിന്നീട് കുതിപ്പുണ്ടാക്കാന്‍ സാധിച്ചെന്നാണ് വിലയിരുത്തല്‍. ബി.ജെ.പിക്ക് 100 സീറ്റ് ഉറപ്പായും നഷ്ടപ്പെടും.
ഓരോ സംസ്ഥാനത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായതും. ബദല്‍ ശക്തിയായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉയര്‍ന്നുവന്നതും ബി.ജെ.പിയെ 150 മുതല്‍ 180 സീറ്റില്‍ ഒതുക്കും. മോദിയുടെ പ്രചാരണങ്ങളില്‍ പുതിയ തൊഴില്‍ പദ്ധതികള്‍ ഇടംപിടിക്കാത്തത് യുവവോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വലിയൊരു വോട്ടുവിഭാഗത്തെ സ്വാധീനിക്കുന്നുണ്ട്. 206 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം മുൻപുള്ളതിനേക്കാൾ കൂടുതല്‍ സഖ്യം ഒപ്പമുള്ളതും കോണ്‍ഗ്രസിനുള്ള നേട്ടമാണെന്നും വിലയിരുത്തുന്നു.
അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ഡി.എം.കെയുടെ സേവനം അത്യാവശ്യമായി വരുമെന്നാണ് പാര്‍ട്ടിയുടെ നിഗമനം. തമിഴ്‌നാട്ടിലെ 39 സീറ്റുകള്‍ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യം തൂത്തുവാരുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തില്‍ 18 സീറ്റ് വരെ ലഭിക്കാനാണ് സാദ്ധ്യത. കര്‍ണാടകത്തില്‍ 21 സീറ്റുകള്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം നേടും. ആന്ധ്രയിലും തെലുങ്കാനയിലും കോണ്‍ഗ്രസിന്റെ എതിരാളികളായ ജഗന്‍ മോഹന്‍ റെഡ്ഡിയുമായും കെ ചന്ദ്രശേഖര്‍ റാവുവുമായും കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയേക്കും. ജഗന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.
ദക്ഷിണേന്ത്യയിലെ സഖ്യം വഴി 100 സീറ്റില്‍ അധികം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും കണക്കു കൂട്ടുന്നു. ബീഹാറിലെ ആര്‍.ജെ.ഡിയാണ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നത്. 28 സീറ്റുകള്‍ ഈ സഖ്യം നേടുമെന്നാണ് നിഗമനം. സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി സഖ്യം ആവശ്യം വന്നാല്‍ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇവരുമായി രാഹുലിന്റെ അനുയായികള്‍ ചര്‍ച്ച നടത്തുന്നുണ്ട്. കോണ്‍ഗ്രസ് 10 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്.
ബംഗാളില്‍ മമതാ ബാനര്‍ജിയാണ് മറ്റൊരു സാധ്യത. ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് നിറുത്തിയത്. അതുകൊണ്ട് മമത പിന്തുണയ്ക്കാനാണ് സാധ്യത.ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബീഹാര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം വന്‍ നേട്ടമുണ്ടാകും. പ്രധാനമായും ഇവിടെ മുഖ്യമന്ത്രിമാര്‍ വേണ്ടത്ര ശക്തരല്ലാത്തതാണ് കോണ്‍ഗ്രസിന് ഗുണകരമാകുന്നത്.
അതേസമയം ഹരിയാന, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നിലനിറുത്തുമെന്നും വിലയിരുത്തുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വീഴ്ചയാണ് കോണ്‍ഗ്രസിന്റെ കുതിപ്പിന് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് മികച്ച നേട്ടംഉണ്ടാക്കാന്‍ കഴിയാത്തതിന് പിന്നിലെന്നും ഇവർ വിലയിരുത്തുന്നു.
Post Your Comments