അജ്മാന്‍: പബ്ജി ഗെയിം കളിക്കുന്നതില്‍ നിന്നും ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്ന് വിവാഹമോചനം ആവശപ്പെട്ട് യുവതി. യുഎഇയിലാണ് സംഭവം. അജ്മാന്‍ പോലീസിലെ സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ വഫാ ഖലീല്‍ അല്‍ ഹൊസാനിയാണ് തങ്ങള്‍ക്ക് ലഭിച്ച വിചിത്രമായ കേസിനെക്കുറിച്ച വെളിപ്പെടുത്തിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
20 വയസുകാരിയായ ഭാര്യയ്ക്ക് പബ്ജിയോടുള്ള ആസക്തി കൂടിവരുന്നുണ്ടെന്ന് ശ്രദ്ധിച്ച ഭര്‍ത്താവ് അവരെ ഗെയിമില്‍ നിന്നും പിന്തിരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതുവഴി അവരുടെ ശ്രദ്ധ കുടുംബജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന് അയാള്‍ കരുതി. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും ഉണ്ടായി. തര്‍ക്കം കലശലായതോടെയാണ് യുവതി സഹായമഭ്യര്‍ത്ഥിച്ച് സോഷ്യല്‍ സെന്ററിനെ സമീപിച്ചത്. തന്റെ വിനോദോപാധികള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഗെയിമില്‍ നിന്നും തനിക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
താന്‍ പബ്ജിയിലെ ചാറ്റ് ഓപ്ഷന്‍ ഓണ്‍ ആക്കാറില്ലെന്നും അതുകൊണ്ട് അപരിചിതരുമായി ഇടപഴകുന്നില്ലെന്നും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം മാത്രമേ ഗെയിം കളിക്കാറുള്ളൂ എന്നും യുവതി പറയുന്നു. ഗെയിമിനോട് താന്‍ അടിമപ്പെടുമെന്നും വീടിനോടും കുടുംബത്തോടുമുള്ള ചുമതലകളില്‍ നിന്നും അത് തന്നെ അകറ്റുമെന്നും ഭര്‍ത്താവ് ഭയപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
Post Your Comments