IndiaNews

സൈബര്‍ ഗ്രൂപ്പുകളുടെ ഇടപെടലില്‍ നിരീക്ഷണം ശക്തമാക്കി

 

തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സൈബര്‍ ഗ്രൂപ്പുകളുടെ ഇടപെടല്‍ സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി നിരീക്ഷണം ശക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ തീവ്രവാദത്തിന്റെ പേരില്‍ ഏറ്റുമുട്ടുന്നവരും നിരീക്ഷണത്തിലാണ്. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് കേരളത്തിലെ യുവാക്കളെ ലക്ഷ്യമിട്ട് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം കര്‍ശനമാക്കിയത്.

സ്‌ഫോടനത്തിന്റെ ആസൂത്രകനായ നൗഹീദ് ജമാ അത്തിന്റെ നേതാവ് സഫ്രാന്‍ ഹാഷിമുമായി ആശയപരമായി അടുപ്പം പുലര്‍ത്തിയിരുന്നവരില്‍ മൂന്ന് മലയാളികളുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നും ഐഎസ്‌ഐഎസിലേക്ക് റിക്രൂട്ട്‌ചെയ്യപ്പെട്ടവരുമായി ബന്ധപ്പെട്ട കേസിന്റെ തുടരന്വേഷണവും ശക്തമാക്കിയിട്ടുണ്ട്. സഫ്രാന്‍ ഹാഷിം കേരളത്തിലും തമിഴ്‌നാട്ടിലും എത്തിയിരുന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു. കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളിലെ ചിലര്‍ ഇയാളുടെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനൊപ്പം മറ്റ് ചില തീവ്ര മതപഠന ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്. ഇത്തരം ഗ്രൂപ്പുകള്‍ പ്രത്യക്ഷത്തില്‍ റിക്രൂട്ട് ഏജന്‍സിയുടെ ചുമതല നിര്‍വഹിക്കുന്നില്ലെങ്കിലും ഇവരുമായി അടുപ്പം പുലര്‍ത്തിയവര്‍ ഐഎസില്‍ ചേര്‍ന്നതാണ് നിരീക്ഷണത്തിന് അടിസ്ഥാനം.

സിറിയയില്‍ നവാസ് അല്‍ഹിന്ദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹദീസ് സ്റ്റഡീസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ നീക്കങ്ങളാണ് നിരീക്ഷണവിധേയമാക്കുന്നത്. സിറിയയിലെ ദമ്മാദിലായിരുന്നു ഇതിന്റെ ആസ്ഥാനം. പിന്നീട് യെമനിലെ ഹദര്‍മൗത്തിലേക്ക് മാറ്റി. യെമനില്‍ ഹൂദി കലാപമുണ്ടായപ്പോള്‍ ശ്രീലങ്കയിലേക്കും. ഏതാനും മലയാളി ചെറുപ്പക്കാരും ഈ ആശയധാരയോട് ആഭിമുഖ്യമുള്ളവരാണെന്ന് ഇന്റലിജന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു. ഹദീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് നിരവധി സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുമുണ്ട്. കേരളത്തില്‍നിന്ന് സിറിയയിലേക്ക് തിരിച്ച 16 പേരും ശ്രീലങ്കയിലെ ഹദീസ് കേന്ദ്രത്തില്‍ പരിശീലനം നേടിയവരാണ്. അല്‍ഹിന്ദി ഐഎസ്‌ഐഎസിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഇത് ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗംപോലും മുഖവിലക്കെടുത്തിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഐഎസിനെതിരെ ‘സൈബര്‍യുദ്ധം’ നടത്തുന്നത് തീവ്രവാദ പ്രചാരണത്തിന് മറയിടാനാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button