തൃശൂർ: മൊബൈൽ ഫോണിന്റെ മെമ്മറി കാർഡ് മടക്കാത്തതിലുള്ള വിരോധത്തിൽ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പൂങ്കുന്നം എകെജി നഗർ തോപ്പുംപറന്പിൽ വീട്ടിൽ ശ്രീകുമാറിനെയാണ് തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക കഠിനതടവ് അനുഭവിക്കണം.
അയൽവാസി കൂടിയായ വയൽപ്പാടി അഭിലാഷി(19)നെ 2011 ഏപ്രിലിലാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പു ദിവസമായിരുന്നു കൊലപാതകം. ബിരുദ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട അഭിലാഷ്. പ്രതി ശ്രീകുമാർ തന്റെ മൊബൈൽ മെമ്മറി കാർഡ് അഭിലാഷിനു നല്കിയിരുന്നു. സംഭവദിവസം എകെജി നഗർ പബ്ലിക് റോഡിലൂടെ സൈക്കിളിൽ വരികയായിരുന്ന അഭിലാഷിനോട് റോഡരികിൽ നിന്നിരുന്ന ശ്രീകുമാർ മെമ്മറി കാർഡ് തിരികെ ആവശ്യപ്പെടുകയും മടക്കി നൽകാത്തതിനെച്ചൊല്ലി ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും കയ്യേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ശ്രീകുമാർ അരയിൽനിന്നു കത്തിയെടുത്ത് അഭിലാഷിനെ നെഞ്ചിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിലാഷിന്റെ മരണം സംഭവിച്ചിരുന്നു .
Post Your Comments