മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു ലക്ഷം രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കിൽ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിനനുസൃതമായ മാറ്റമുണ്ടാകും.2019 മാർച്ചിൽ എടുത്ത തീരുമാനപ്രകാരമാണ് വലിയ നിക്ഷേപങ്ങൾ ആർ.ബി.ഐ.യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്ന നിയമം മേയ് ഒന്നുമുതൽ പ്രാബല്യത്തിൽ വരുക .
ഒരു ലക്ഷം രൂപയ്ക്കുമുകളിൽ ഡെപ്പോസിറ്റ് ഉള്ള അക്കൗണ്ട് ഉടമകൾക്ക് റിപ്പോ നിരക്കിനെക്കാൾ 2.75 ശതമാനം താഴെയായിരിക്കും പലിശനിരക്ക് നിശ്ചയിക്കുക. ഒരു ലക്ഷം രൂപവരെയുള്ള ഡെപ്പോസിറ്റുകൾക്ക് 3.50 ശതമാനമായിരിക്കും പലിശനിരക്ക്.വായ്പാനിരക്ക് നിശ്ചയിക്കുന്നതിലെ അടിസ്ഥാനനിരക്കായ എം.സി.എൽ.ആർ. അഞ്ചു ബേസിസ് പോയന്റ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു വർഷത്തേക്കുള്ള എം.സി.എൽ.ആർ. നിരക്ക് ഇപ്പോൾ 8.50 ശതമാനമാണ്
2016 ഏപ്രിൽ മുതൽ രാജ്യത്തെ വാണിജ്യബാങ്കുകൾ വായ്പാപലിശയുടെ മാനദണ്ഡമായി എം.സി.എൽ.ആർ. സ്വീകരിച്ച് തുടങ്ങിയിരുന്നു . എന്നാൽ, റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായ ഇളവ് എം.സി.എൽ.ആർ. പ്രകാരം ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്നില്ലെന്ന വിമർശനം ഉയർന്നതോടെയാണ് മേയ് ഒന്നുമുതൽ നിക്ഷേപങ്ങളുടെയും വായ്പകളുടെയും പലിശനിരക്ക് റിപ്പോ നിരക്കിന് അനുസൃതമായി മാറുന്നത്. .ആർ.ബി.ഐ. പണനയത്തിലുള്ള ഏതൊരു മാറ്റവും ഉപഭോക്താവിലേക്കെത്തുന്ന പ്രക്രിയ കൂടുതൽ വേഗത്തിലാക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്നും ഹ്രസ്വകാല വായ്പയിലും ഓവർഡ്രാഫ്റ്റിലും ഇതിന്റെ മാറ്റങ്ങൾ പ്രതിഫലിക്കുമെന്നും എസ്.ബി.ഐ. വൃത്തങ്ങൾ അറിയിച്ചു.
Post Your Comments