റേസിംഗ് ട്രാക്കിൽ കാണികളുടെ ശ്വാസം നിലപ്പിക്കുമാറ് വേഗവിസ്മയം തീർത്ത അയർട്ടൻ സെന്ന വിടവാങ്ങിയിട്ട് ഇന്ന് 25 വർഷം. 1994 മേയ് 1ന് ഇറ്റലിയിലെ ഇമോളയിൽ സാൻ മറീനോ ഗ്രാൻപ്രി മൽസരത്തിനിടയിലുണ്ടായ അപകടത്തിലാണ് ലോകം കണ്ട ഏറ്റവും മികച്ച ഫോർമുല വൺ ഡ്രൈവർമാരിലൊരാളായ സെന്ന റേസിങ് ട്രാക്കിൽ മരണത്തിന് കീഴടങ്ങിയത്.
മൂന്നു തവണ ലോകചാംപ്യനും 41 റേസുകളിൽ ജേതാവുമായിരുന്ന സെന്ന റേസിങ് രംഗത്ത് അജയ്യനായി കുത്തിക്കുമ്പോഴായിരുന്നു മരണം അപ്രതീക്ഷിതമായി അദ്ദേഹത്തെ തേടിയെത്തിയത്.1960 മാർച്ച് 21ന് സമ്പന്ന കുടുംബത്തിൽ പിറന്ന അയർട്ടൻ സെന്ന ഡ സിൽവയെ നന്നേ ചെറുപ്പത്തിൽത്തന്നെ റേസിങ് ആകർഷിച്ചിരുന്നു. 13–ാം വയസ്സിൽ ബ്രസീലിലെ ഇന്റർലാഗോസ് സർക്യൂട്ടിൽ വിജയം നേടി റേസിങ് ട്രാക്കിൽ ശ്രദ്ധകേന്ദ്രന്ത്രമായതോടെ ട്രാക്കിൽ വേഗത്തിന്റെ മാന്ത്രികൻ ചുവടുറപ്പിച്ചു.
1984ൽ എഫ്–1 റേസിങ് രംഗത്തെത്തിയ അദ്ദേഹം ടോൾമാനുവേണ്ടിയാണ് ആദ്യമായി മൽസരിച്ചത്. ടോൾമാൻ, ലോട്ടസ്, മക്ലാരൻ, വില്യംസ് എന്നീ ടീമുകൾക്കായി അദ്ദേഹം വളയം പിടിച്ചു.മക്ലാരന്റെ ഡ്രൈവറായിരിക്കെ 88, 90, 91 വർഷങ്ങളിൽ ലോകചാംപ്യനായ അദ്ദേഹം വെറും പത്തു വർഷങ്ങൾക്കുള്ളിൽ അസൂയാവഹമായ നേട്ടങ്ങൾ എത്തിപിടിച്ചു.
കായികതാരം എന്നതിലുപരി മനുഷ്യസ്നേഹിയും ദൈവഭക്തനുമായ വ്യക്തി എന്ന നിലൽ സെന്നയുടെ മരണത്തിന് പിന്നാലെ വിവാദങ്ങളും തലപൊക്കി .ആസൂത്രിതകൊലപാതകമാണെന്നും സമ്മർദ്ദം താങ്ങാൻ കഴിയാതെയുണ്ടായ അപകടമാണെന്നും അന്ന് വാർത്തകൾ പരന്നിരുന്നു.
പെലെയ്ക്കുശേഷം ബ്രസിൽ ലോകത്തിനു സമ്മാനിച്ച ഏറ്റവും വലിയ കായികതാരമായിരുന്നു സെന്ന.അത് കൊണ്ട് തന്നെയാണ് 1994ൽ ബ്രസീൽ ഫുട്ബോൾ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ആ വിജയം ടീം ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട സെന്നയ്ക്ക് സമർപ്പിച്ചത്.
Post Your Comments