കണ്ണൂര്‍: മെയ് ഒന്നു മുതല്‍ അടിമുടി മാറ്റത്തിനൊരുങ്ങി കണ്ണൂരിലെ സെന്റ് ആഞ്ചലോ് ഫോര്‍ട്ട്. കോട്ടയില്‍ പ്രവേശന ഫീസ് ഈടാക്കാനും തീരുമാനമെടുത്തു. സ്വദേശികള്‍ക്ക് 25 രൂപയാണ് ഫീസ്. 15ന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിദേശികള്‍ക്ക് 300 രൂപയാണ് ഫീസ് ഈടാക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് രണ്ട് ചരിത്ര സ്മാരകങ്ങളിലും ഫീസ് ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂര്‍ കോട്ട നിര്‍മ്മിച്ചത് പോര്‍ച്ചുഗീസ് വൈസ്രോയിയായ ഡോണ്‍ ഫ്രാന്‍സിസ് കോഡി അല്‍മേദ ആണ്. 1505-ല്‍ നിര്‍മ്മിച്ച കണ്ണൂര്‍ കോട്ട 1663-ല്‍ ഡച്ചുകാര്‍ പിടിച്ചെടുക്കുകയും അറയ്ക്കല്‍ രാജകുടുംബത്തിലെ അലി രാജയ്ക്ക് വില്‍ക്കുകയും ചെയ്തു. 1790-ല്‍ ഈ കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്ത ബ്രിട്ടീഷുകാര്‍ ഇതിനെ മലബാറിലെ പ്രധാന സൈനിക കേന്ദ്രമാക്കി രൂപപ്പെടുത്തി. കോട്ടയിലെ ഓഫീസുകളും തടവറകളും പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചപ്പോള്‍ കുതിരലായം ഡച്ചുകാരുടെ സംഭാവനയാണ്. കരയില്‍ നിന്നുള്ള അക്രമണം തടുക്കുന്നതിനായി നിര്‍മ്മിച്ച കിടങ്ങ് ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈഭവത്തിന്റെ ഉദാഹരണമാണ്. ഇന്ത്യയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നായ കണ്ണൂര്‍ കോട്ട അറബിക്കടലിനഭിമുഖമായാണ് നിലകൊള്ളുന്നത്.
Post Your Comments