Latest NewsSex & Relationships

കുട്ടികളോട് ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാം; രക്ഷിതാക്കള്‍ അറിയേണ്ടത്

എങ്ങനെയാണ് ഉണ്ടായത്? എന്താണ് ഇവിടെ തൊട്ടാല്‍? അങ്ങനെ പറഞ്ഞാല്‍?…. എന്നുതുടങ്ങി പലതരം ചോദ്യങ്ങള്‍ കുട്ടികള്‍ ചോദിക്കാറുണ്ട്. ഇവയില്‍ പലതും നമ്മളെ ഉത്തരംമുട്ടിക്കുകയും ചെയ്യും. ലൈംഗികതയുമായും ശരീരവുമായും ബന്ധപ്പെട്ടും കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട. സാധാരണഗതിയില്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കുഞ്ഞുങ്ങളെ വഴക്ക് പറയുകയോ, ഒരു നുള്ളോ അടിയോ കൊടുത്ത് ‘വായടയ്ക്ക്…’ എന്ന് പറയുകയോ ആണ് മാതാപിതാക്കളുടെ പതിവ്. എന്നാല്‍ ഇത്തരത്തില്‍ ഒരിക്കലും കുഞ്ഞുങ്ങളോട് പെരുമാറരുത് എന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.

‘കുട്ടികളുടെ ചോദ്യങ്ങള്‍ ഉത്തരവാദിത്തത്തോടെ അഭിമുഖീകരിക്കുകയാണ് ആദ്യം വേണ്ടത്. ദേഷ്യപ്പെടുകയോ, മിണ്ടാതിരിക്കാന്‍ പറഞ്ഞ് ശാസിക്കുകയോ ചെയ്യുന്നതിലൂടെ സഭ്യമല്ലാത്ത എന്തോ കാര്യമാണ് താന്‍ ചോദിച്ചതെന്ന് കുഞ്ഞ് മനസ്സിലാക്കും. അപ്പോള്‍ മുതല്‍ ആ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സഭ്യമല്ല എന്ന് കുഞ്ഞ് വിലയിരുത്തും. ശരീരത്തെപ്പറ്റിയുള്ള കുഞ്ഞുങ്ങളുടെ സംശയങ്ങള്‍ പ്രകൃതിയെ ചൂണ്ടിക്കാട്ടിക്കൊണ്ടോ മറ്റ് ജീവി വര്‍ഗങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ടോ ഒക്കെ ലളിതമായി പറയാന്‍ ശ്രമിക്കാം. ചില ചോദ്യങ്ങള്‍ക്ക് ‘അമ്മ കുറച്ച് ആലോചിച്ച ശേഷം ഉത്തരം പറയാം..’, അല്ലെങ്കില്‍ ‘അച്ഛനും അതറിയില്ലല്ലോ പക്ഷേ നമുക്ക് ഉടനെ കണ്ടുപിടിക്കാം…’ എന്നെല്ലാം പറഞ്ഞൊഴിയാം. ഇതെല്ലാം കുഞ്ഞിന്റെ മാനസികനിലയെ നമുക്ക് സ്വാധീനിക്കാന്‍ എത്രമാത്രം കഴിയുമെന്നതിനെ അനുസരിച്ചിരിക്കും.

‘ശരീരവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങള്‍ക്ക് ധാരാളം സംശയങ്ങള്‍ കാണും. ജനനേന്ദ്രിയത്തെ മറ്റ് പേരുകളില്‍ വിളിക്കുക, അതില്‍ തൊടരുതെന്ന് ശാസിക്കുക- ഇതെല്ലാം കുട്ടികളില്‍ ശരീരത്തെച്ചൊല്ലിയുള്ള വികലമായ കാഴ്ചപ്പാടുകളുണ്ടാക്കും. മറിച്ച് അവര്‍ക്ക് കഴിയാവുന്ന രീതിയിലെല്ലാം അത് വിശദീകരിച്ചുകൊടുക്കുകയാണ് വേണ്ടത്. ആവശ്യമെങ്കില്‍ ഇതിന് ചിത്രങ്ങളും ഉപയോഗിക്കാം. ഇതിനൊപ്പം തന്നെ പൊതുവിടങ്ങളില്‍ വച്ച് എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചും കുട്ടിയെ ബോധവത്കരിക്കണം. പന്ത്രണ്ടോ പതിമൂന്നോ വയസ് മുതല്‍ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ശരീരത്തെ പറ്റിയും ലൈംഗികതയെ പറ്റിയും സംസാരിച്ച് തുടങ്ങാം. അതുപോലെ പ്രണയത്തെപ്പറ്റിയും തുറന്ന ചര്‍ച്ചകളാകാം. കാരണം ഈ പ്രായത്തില്‍ അവരില്‍ അല്‍പം ഗൗരവമുള്ള സംശയങ്ങള്‍ തന്നെയാണ് രൂപപ്പെടുന്നത്. ആ സംശയങ്ങള്‍ക്ക് വീട്ടില്‍ വിലക്കുണ്ടാകുമ്പോള്‍, അവയുമായി അവര്‍ പുറത്തേക്ക് പോകും. ഇന്റര്‍നെറ്റ്, പുറമെയുള്ള സൗഹൃദങ്ങള്‍ എന്നിവയാകും പിന്നെ സംശയനിവാരണത്തിനുള്ള വഴികള്‍. അതൊന്നും എല്ലായ്പോഴും ആരോഗ്യകരമായ രീതിയിലായിരിക്കല്ല കുട്ടികളെ ബാധിക്കുക.

shortlink

Post Your Comments


Back to top button