തിരുവനന്തപുരം: പ്രളയപുനര്‍നിര്‍മാണത്തിന്റെ ഭാഗമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ സംബന്ധിച്ചു ലഭിച്ച അപ്പീലുകള്‍ മേയ് മാസം തന്നെ തീര്‍പ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും പുറമ്പോക്കില്‍ ഭൂമിയുണ്ടായിരുന്നവര്‍ക്കും പകരം ഭൂമി കണ്ടെത്താനുള്ള നടപടികളും മേയില്‍ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതിനായി ലോകബാങ്കില്‍ നിന്ന് 3,596 കോടി രൂപയാണു വായ്പയെടുക്കുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ അവസാനം ചേരുന്ന ലോകബാങ്കിന്റെ ബോര്‍ഡ് യോഗത്തില്‍ വായ്പ അനുവദിച്ചുള്ള തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ. 70:30 അനുപാതത്തിലാണു ലോകബാങ്ക് വായ്പ. 1,541 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമുണ്ടാകും. ഇതനുസരിച്ചു മൊത്തം 5,137 കോടി രൂപ പുനര്‍നിര്‍മാണത്തിനു ലഭ്യമാകും. ഈ സാമ്പത്തിക വര്‍ഷം അതില്‍ 1,541 കോടി രൂപയാണു ചെലവഴിക്കുക.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ പുരോഗതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിത സമയത്തിനുള്ളില്‍ ഇതു പൂര്‍ത്തിയാക്കുന്നതിനു ജില്ലാതലത്തില്‍ മന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും. റോഡ് പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണിയും മഴയ്ക്കു മുന്‍പ് പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ഇ.പി.ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ഡോ. ആശാ തോമസ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു എന്നിവരും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
Post Your Comments