കൊച്ചി: കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനപരമ്പരയുടെ സൂത്രധാരകരില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി സൂചന. സ്‌ഫോടനത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന സഹ്‌റാന്‍ ഹാഷിം 2016 ന് ശേഷം രണ്ട് തവണകേരളത്തില്‍ തങ്ങിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. തെളിവുകള്‍ കണ്ടെത്താന്‍ ഫോര്‍ട്ട് കൊച്ചി, കോവളം, വര്‍ക്കല എന്നിവിടങ്ങളിലെ ഹോം സ്‌റ്റേകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
സംഭവത്തില്‍ കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ് സ്വദേശിക്കും ബന്ധമുണ്ടെന്ന് എന്‍ഐഎ സംശയിക്കുന്നുണ്ട്. ഇയാളുടെ സുഹൃത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.ശ്രീലങ്കന്‍ ആക്രമണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും നാലുപേരെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായവര്‍ക്ക് ശ്രീലങ്കയിലെ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നു കണ്ടെത്താനായിട്ടില്ലെങ്കിലും ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചില രഹസ്യസന്ദേശങ്ങള്‍ കോയമ്പത്തൂരിലും കേരളത്തിലുമുള്ളവര്‍ പരസ്പരം പങ്കുവച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ശ്രീലങ്കന്‍ സ്‌ഫോടനങ്ങളിലെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പാലക്കാട് കൊല്ലങ്ങോട് സ്വദേശി റിയാസ് അബൂബക്കര്‍, കാസര്‍ഗോഡ് കാളിയങ്കാട്ടെ അഹമ്മദ് അരാഫത്ത്, നായന്മാര്‍മൂലയിലെ അബൂബക്കര്‍ സിദ്ധിഖ് എന്നിവരെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തത്. റിയാസിനെ ഞായറാഴ്ചയും അഹമ്മദ്, അബൂബക്കര്‍ എന്നിവരെ ഇന്നലെയുമാണു കസ്റ്റഡിയിലെടുത്തത്. റിയാസിന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. കാസര്‍ഗോഡ് നിന്ന് 15 യുവാക്കളെ കാണാതായ സംഭവത്തില്‍ 2016 ജൂെലെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റിയാസിന്റെ അറസ്റ്റ്.
റിയാസിനെ ഇന്ന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ ആരാധകനായിരുന്നു റിയാസെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു. ഇയാളുടെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടരുമായിരുന്നു. സഫ്രാന്‍ ഹഷീമുമായി ബന്ധപ്പെട്ട സംസ്ഥാനത്തുള്ളവരെക്കുറിച്ച് എന്‍.ഐ.എ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments