ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കുമെതിരേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍. 24 മണിക്കൂറിനുള്ളില്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുസ്മിതാ ദേവാണു സുപ്രിംകോടതിയെ സമീപിച്ചത്.
ഹര്‍ജി ഇന്നു പരിഗണിക്കും.മോദിയും അമിത്ഷായും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിന്റെയും സൈന്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന്റെയും നിരവധി തെളിവുകള്‍ പൊതുമണ്ഡലത്തിലുണ്ടെന്നും എന്നാല്‍ പരാതി നല്കിയിട്ടു പോലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരിക്കുവേണ്ടി അഭിഷേക് മനു സിങ്വി ആരോപിച്ചു. ഇരുവരുടെയും പേര് പറയാതെയാണു സിങ്വി പരാതി ഉന്നയിച്ചത്. എന്തുകൊണ്ടാണ് പേര് തെളിച്ചു പറയാത്തതെന്നു സിങ്വിയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആരാഞ്ഞു. പേര് പറഞ്ഞതോടെ കേസ് കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Post Your Comments