ന്യൂഡല്‍ഹി : പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ നീക്കം. എക്യരാഷ്ട്ര സംഘടനയുടെ ഈ തീരുമാനത്തിനു പിന്നില്‍ ഇന്ത്യയുടെ നയതന്ത്രം തന്നെ. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ വിജയത്തിലേയ്ക്ക് എത്തിയതായാണ് കാണാന്‍ കഴിയുന്നത്. മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെതിരെ നടത്തിവന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്‍മാറുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
ബുധനാഴ്ചയാണ് ഇക്കാര്യത്തില്‍ യുഎന്‍ തീരുമാനമെടുക്കുക. മുമ്പ് നാലു തവണ മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു ശേഷമാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്.
ഐക്യരാഷ്ട്ര സംഘടനയുടെ ഇസ്ലാമിക് സ്റ്റേറ്റ് ആന്‍ഡ് അല്‍ ഖായിദ സാങ്ഷന്‍സ് കമ്മിറ്റി മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇയാളെ ഭീകരനായി മുദ്ര കുത്തുന്നതിനെതിരെ എടുത്ത നിലപാട് മാറ്റാന്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നു ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് അറിയിച്ചു.
പുല്‍വാമ ആക്രമണത്തിനു ശേഷമാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ ഇതിനു കൂടുതല്‍ സമയം വേണമെന്നായിരുന്നു ചൈനയെടുത്ത നിലപാട്.
മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ പാക്കിസ്ഥാനുള്ള എതിര്‍പ്പാണ് ചൈനയെ സ്വാധീനിച്ചിരുന്നത്. മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഇന്ത്യയുടെ നയതന്ത്ര വിജയമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാനും സംഘടനയ്ക്കു നിരോധനം ഏര്‍പ്പെടുത്താനുമുള്ള ‘സാങ്കേതിക തടസ്സങ്ങള്‍’ നീക്കണമെന്ന് യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചൈനയ്ക്ക് അന്ത്യശാസനം നല്‍കിയെന്ന റിപ്പോര്‍ട്ട് ചൈന തള്ളിയിരുന്നു.
മാര്‍ച്ച് 13നാണ് മസൂദിനെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന പ്രമേയം അംഗീകരിക്കുന്നത് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന്, യുഎസും ഫ്രാന്‍സും ബ്രിട്ടനും ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും പ്രമേയത്തെ അംഗീകരിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ തേടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Post Your Comments