തിരുവനന്തപുരം: കഴക്കൂട്ടത്ത് മിനിയാന്ന് അര്‍ധരാത്രിയുണ്ടായ ബസ് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നവവരനും പങ്കാളിയായി. ഭാര്യയെ കാറിലിരുത്തിയാണ് പേരൂര്‍ക്കട ഹാര്‍വിപുരം സ്വദേശിയായ പ്രകാശന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കല്യാണം പ്രമാണിച്ച് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ഉടനെ നവവധുവിനെ കാറിലിരുത്തി പ്രകാശന്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തി. ബസില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ സഹായിച്ച ശേഷം തിരികെയെത്തിയപ്പോള്‍ പ്രകാശനും രക്തത്തില്‍ കുളിച്ചിരുന്നു. മിനിയാന്ന് രാവിലെ കെപിഎംഎസ് ഹാളിലായിരുന്നു പ്രകാശന്റെ വിവാഹം.
ലോറിയിലുണ്ടായിരുന്ന ഇരുമ്പ് തകിടുകള്‍ മിനി ലോറി ഡ്രൈവറുടെ കാല്‍ ഭാഗത്ത് തുളച്ചു കയറിയിരിക്കുന്നു. ബസിന്റെ സ്റ്റിയറിങ്ങിനും സീറ്റിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു ഡ്രൈവര്‍. പൊലീസും രക്ഷാ പ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണു ഡ്രൈവറെ പുറത്തെടുത്തത്. ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ കൂടംകുളം സ്വദേശി ജോണ്‍ (29)നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റെയില്‍പാളം നിര്‍മാണത്തിനുള്ള വലിയ ഇരുമ്പു പാളങ്ങളാണു ലോറിയിലുണ്ടായിരുന്നതെങ്കിലും അതു സൂചിപ്പിക്കുന്ന ബോര്‍ഡോ വിളക്കുകളോ ലോറിയില്‍ ഉണ്ടായിരുന്നില്ല. വളരെ അടുത്ത് വന്നാല്‍ മാത്രമേ ഇത് കാണുകയുള്ളുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പ്രകാശന്‍ പറഞ്ഞു.
Post Your Comments