Latest NewsKerala

അന്തർസംസ്ഥാന സർവീസ്: ബുക്കിംഗ് ഏജൻസികളുടെ ലൈസൻസ് മാനദണ്ഡങ്ങളായി

പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്നതിന് പ്രത്യേക മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി. എൽ. എ. പി. ടി (ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്‌ളിക് ട്രാൻസ്‌പോർട്ട്) പുതുക്കുമ്പോഴും പുതിയത് നൽകുമ്പോഴും ഈ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി.

ബുക്കിംഗ് ഓഫീസിന് കുറഞ്ഞത് 150 ചതുരശ്രഅടി വിസ്തീർണം ഉണ്ടാവണം. സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാർക്കെങ്കിലും ഇരിക്കുന്നതിനുള്ള സ്ഥലം, ടോയിലറ്റ് സൗകര്യം, ലോക്കർ സംവിധാനത്തോടെയുള്ള ക്‌ളോക്ക് റൂം, ആറു മാസം ബാക്കപ്പുള്ള സി. സി. ടി. വി, കുടിവെള്ളം, അഗ്‌നിശമന സംവിധാനങ്ങൾ എന്നിവ ഓഫീസിൽ ഉണ്ടായിരിക്കണം.

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ബസുകൾ നിറുത്തുന്നതിന് മതിയായ സ്ഥലം ഉറപ്പ് വരുത്തണം. അഞ്ച് കിലോമീറ്റർ പരിധിയിൽ വലിയ മൂന്ന് പാസഞ്ചർ വാഹനങ്ങൾ നിർത്തുന്നതിനുള്ള സ്ഥലസൗകര്യം ഉണ്ടാവണം. കെ. എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന്റെ 500 മീറ്റർ പരിധിയിൽ ബുക്കിംഗ് ഓഫീസോ പാർക്കിംഗ് സ്ഥലമോ പാടില്ല. കേരള പോലീസിന്റെയും ആർ. ടി. ഒയുടെയും പരാതി അറിയിക്കാനുള്ള ഫോൺ നമ്പറുകളും വിമൻ ഹെൽപ് ലൈൻ നമ്പറും ഓഫീസിൽ പ്രദർശിപ്പിക്കണം. എൽ. എ. പി. ടി ലൈസൻസ് ഓഫീസിൽ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം. ബുക്കിംഗ് ഓഫീസിന്റെ പേരും ലൈസൻസ് നമ്പരും മുൻവശത്ത് കാണാനാവും വിധം സ്ഥാപിക്കണം. ബസ് ഓപ്പറേറ്റർമാരുടെ പേരും ഫോൺ നമ്പരുകളും പ്രദർശിപ്പിക്കണം. വാഹനങ്ങളുടെ സമയക്രമം യാത്രക്കാർക്ക് കാണാനാവും വിധം എഴുതിപ്രദർശിപ്പിക്കണം. വാഹനങ്ങൾ എവിടെയെത്തിയെന്നത് ഡിജിറ്റൽ സംവിധാനത്തിലൂടെ കാണിക്കണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് വാഹനത്തിലെ ജീവനക്കാരുടെ പേരും നമ്പരും നൽകണം.

ആർ. ടി. എ സെക്രട്ടറിക്ക് ത്രൈമാസ റിട്ടേൺ ബുക്കിംഗ് ഓഫീസ് ഉടമ സമർപ്പിക്കണം. യാത്രക്കാരുടെ വിവരം നിശ്ചിത ഫോമിൽ സൂക്ഷിക്കണം. ഒരു വർഷം വരെ ഈ ലിസ്റ്റ് സൂക്ഷിച്ചിരിക്കണം. യാത്രക്കാരുടെ ലഗേജ് അല്ലാതെയുള്ള സാധനങ്ങളും നിയമവിരുദ്ധമായ വസ്തുക്കളും വാഹനത്തിൽ കൊണ്ടുപോകരുത്. യാത്രാവഴിയിൽ 50 കിലോമീറ്റർ ഇടവിട്ടുള്ള സ്ഥലങ്ങളിലെ ടോയിലറ്റ്, റിഫ്രഷ്‌മെന്റ് സൗകര്യത്തെക്കുറിച്ചുള്ള വിവരം യാത്രക്കാർക്ക് ലഭ്യമാക്കണം. വാഹനം, ജീവനക്കാർ, യാത്രക്കാർ, ഹെൽപ്‌ലൈൻ നമ്പറുകൾ, പോലീസ്, മോട്ടോർവാഹന, വിമൻ ഹെൽപ് ലൈനുകൾ എന്നിവയുടെ വിവരം ടിക്കറ്റിലുണ്ടാവണം. വാഹനം ബ്രേക്ക്ഡൗൺ ആയാൽ പകരം ഏർപ്പെടുത്താനുള്ള സംവിധാനം ലൈസൻസിക്കോ ഓപ്പറേറ്റർക്കോ ഉണ്ടായിരിക്കണം. ലൈസൻസ് എടുക്കുന്നയാൾക്ക് 18 വയസ് പൂർത്തിയായിരിക്കണം. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിബന്ധനയിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button