കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച 3 തടവുകാര്‍ പിടിയില്‍. ചായയില്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തി നല്‍കി ഉറക്കിയ ശേഷമാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിചാരണ തടവുകാരായ കാഞ്ഞങ്ങാട് സ്വദേശി റഫീക്ക്, കാസര്‍കോട് തലപ്പാടിയില്‍ നിന്നുള്ള അഷറഫ് ഷംസീര്‍, ചീമേനി സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്. ഉദ്യോഗസ്ഥരെ മയക്കിയ ശേഷം രക്ഷപ്പെടാനായി ഗേറ്റിന്റെ അടുത്തെത്തിയ പ്രതികളെ മറ്റൊരു ഉദ്യോഗസ്ഥന്‍ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് തടവുകാരില്‍ ഒരാള്‍ കൊലക്കേസ് പ്രതിയാണ്.ജയിലിലെ അടുക്കളയില്‍ ജോലി നോക്കിയിരുന്നവരാണ് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പ്രതികളും. മാസസികാസ്വാസ്ഥ്യമുള്ള പ്രതികള്‍ക്ക് നല്‍കാനായി ആശുപത്രിയില്‍ നിന്നും നല്‍കിയ ഗുളികകളാണ് മയക്കുമരുന്നായി ഇവര്‍ ഉപയോഗിച്ചത്. ചായകുടിച്ച മൂന്ന് ഉദ്യോഗസ്ഥരും ഛര്‍ദ്ദിക്കുകയും മയങ്ങി വീഴുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് പ്രതികളും കൂടി ഗേറ്റ് തുറന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ബാബുവിന്റെ മുന്നില്‍പെടുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സുകുമാരന്‍, പ്രിസണ്‍ ഓഫീസര്‍ യാക്കൂബ്, താല്‍ക്കാലിക ജീവനക്കാരനായ പവിത്രന്‍ എന്നിവര്‍ക്കാണ് ഇവര്‍ ചായയില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും തടവ് ചാടാന്‍ ശ്രമിച്ചതിനും മൂന്ന് പേര്‍ക്കുമെതിരെ കണ്ണൂര്‍ പോലീസ് കേസെടുത്തു. മൂന്ന് പേരെയും ജില്ലാ ജയിലിലെ പ്രത്യേക സെല്ലില്‍ അടച്ചു.
Post Your Comments