തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തു അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . ചുഴലിക്കാറ്റിനൊപ്പം കേരളത്തില്‍ വ്യാപക മഴ പെയ്യാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണു നടപടി.29, 30 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും മത്സ്യബന്ധനത്തിന് പോകുന്നതു വിലക്കിയിട്ടുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഉടന്‍ തിരിച്ചെത്താനും നിര്‍ദേശം നല്കി. 29-ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ക്കാണ് മഞ്ഞ അലര്‍ട്ട് ബാധകം.
30-ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം അതിതീവ്രമാകുമെന്നും ശേഷമുള്ള 12 മണിക്കൂറില്‍ ഒരു ചുഴലിക്കാറ്റായി മാറുമെന്നുമാണ് പ്രവചനം. ഈ സമയത്ത് മണിക്കൂറില്‍ 40 -50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശിയേക്കും. 30-ന് ഇത് തമിഴ്നാട്-ആന്ധ്ര തീരത്തിന് അടുത്തെത്താനാണ് സാധ്യത.
Post Your Comments