തിരുവനന്തപുരം: പത്തു ദിവസത്തെ യൂറോപ്യന്‍ പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സംസ്ഥാന സര്‍ക്കാരിന്റെ മസാലബോണ്ട് വിജയകരമായി വിറ്റഴിക്കാന്‍ കഴിഞ്ഞതിന്റെ ആഘോഷ പരിപാടിയാണ് അദ്ദേഹത്തിന്റെ യാത്രയുടെ പ്രധാന ലക്ഷ്യം. മെയ് എട്ടിന് പുറപ്പെടും. ഇന്ത്യന്‍ രൂപയില്‍ വിദേശത്ത് ഇറക്കുന്ന കടപ്പത്രമായ മസാലബോണ്ടുവഴി 2650 കോടി സമാഹരിക്കാനാണ് കിഫ്ബിക്ക് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ 2150 കോടി സമാഹരിച്ചു. മേയ് 17ന് ലണ്ടനിലാണ് ഇതിന്റെ വിജയാഘോഷം നടക്കുക.
പത്ത് ദിവസത്തെ പര്യടനത്തില്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇവിടെ സംഘടിപ്പിച്ചിരിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും ഒപ്പമുണ്ടാകും. അതേസമയം മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാമും ലണ്ടനിലെ വിജയാഘോഷ ചടങ്ങില്‍ പങ്കെടുക്കും. യു.എന്‍.ഇ.പി.യുടെ റൂം ഫോര്‍ റിവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതര്‍ലന്‍ഡ്സിലെ നൂര്‍വാര്‍ഡ് മേഖലയും സംഘം സന്ദര്‍ശിക്കും. നെതര്‍ലന്‍ഡ്സ് വാട്ടര്‍മാനേജ്മെന്റ് മന്ത്രിയുമായും സംഘം ചര്‍ച്ച ചെയ്യും.13 മുതല്‍ 15 വരെ ജനീവയില്‍ നടക്കുന്ന യു.എന്‍. വേള്‍ഡ് റീകണ്‍സ്ട്രക്ഷന്‍ കോണ്‍ഫറന്‍സിലും സംഘം പങ്കെടുക്കും. മെയ് 18ന് തിരിച്ച് കേരളത്തിലേക്ക് മടങ്ങും.
Post Your Comments