Latest NewsIndia

ലങ്കന്‍ സ്‌ഫോടന സൂത്രധാരന്‍ ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍; കേരളത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് സൂചന

തിരുവനന്തപുരം: ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്നത്. എന്നാല്‍ ഭീകരാക്രമണത്തിന് ശേഷം പുറത്ത് വരുന്ന വിവരങ്ങള്‍ ഏറെ ആശങ്കാജനകമാണ്. 359പേര്‍ കൊല്ലപ്പെട്ട ലങ്കന്‍ സ്‌ഫോടനപരമ്പരയുടെ സൂത്രധാരന് ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. എന്‍ഐഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ ഇപ്പോഴുള്ളത്. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സഹറന്‍ ഹാഷിം ലക്ഷ്യമിട്ടിരുന്നത്രേ. സ്‌ഫോടനം നടത്തിയത് സഹറന്‍ ഹാഷിം മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്. എന്‍ഐഎ ഈ വിഭാഗത്തിനു മേല്‍ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണു പുതിയ വിവരം പുറത്തുവരുന്നത്. കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കേസിന്റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു.

ഇതിനിടെ, ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം നടന്നു. കൊളംബോയില്‍ നിന്ന് 40 കിലോമീറ്ററര്‍ അകലെ പുഗോഡയിലെ കോടതിക്കു സമീപം ഒഴിഞ്ഞ പറമ്പിലാണ് സ്‌ഫോടനം നടന്നത്.
അതേസമയം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജി വയ്ക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ, ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരോടാണു രാജി ആവശ്യപ്പെട്ടത്. ഭീകരാക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിട്ടും പ്രതികരിക്കാത്തതിനാണ് നടപടി. മുന്‍കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതിനു സര്‍ക്കാര്‍ മാപ്പുപറഞ്ഞതിനു പിന്നാലെയാണ് സുരക്ഷാസേനയുടെ തലപ്പത്ത് അഴിച്ചുപണി. ശ്രീലങ്കയില്‍ സ്‌ഫോടനപരമ്പര നടത്തിയ ഒന്‍പത് ചാവേറുകളില്‍ എട്ടുപേരെ തിരിച്ചറിഞ്ഞിരുന്നു. ഒരു വനിതയടക്കം മുഴുവന്‍ ചാവേറുകളും സ്വദേശികളാണെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ആക്രമണം നടത്തിയ ഒന്‍പതു തീവ്രവാദികളില്‍ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടിയവരും മിഡില്‍ ക്ലാസ് അല്ലെങ്കില്‍ അപ്പര്‍ ക്ലാസ് കുടുംബങ്ങളില്‍ പെട്ടവരുമാണ്. ഇതില്‍ കോടീശ്വരനായ ഒരു ബിസിനസുകാരന്റെ മക്കളും ഉള്‍പ്പെട്ടിരുന്നു. ശ്രീലങ്കയിലെ ലക്ഷ്വറി ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഷന്‍ഗ്രി-സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടല്‍സില്‍ കൂട്ടക്കൊല നടത്തിയ ഇന്‍ഷാഫ് ഇബ്രാഹിമും ഇല്‍ഹാം ഇബ്രാഹിമുമാണവര്‍. മറ്റൊരു ഭീകരനായ അബ്ദുള്‍ ലത്തീഫ് ജമീല്‍ മുഹമ്മദ് ഇസ്ലാമിക തീവ്രവാദം സ്വീകരിച്ചത് ലണ്ടന്‍ പഠനകാലത്താണെന്നാണ് വിവരം.

ഈസ്റ്റര്‍ സണ്‍ഡേയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കെല്ലാം അന്തിമോപചാരം അര്‍പ്പിക്കാന്‍ ഹൃദയം പൊട്ടുന്ന ദുഃഖത്തോടെയാണ് ശ്രീലങ്കക്കാര്‍ അണിനിരന്നിരിക്കുന്നത്. ന്യൂസിലാന്‍ഡില്‍ നടന്ന മോസ്‌ക് ആക്രമണത്തിനുള്ള പ്രതികാരമായിട്ടാണ് തങ്ങള്‍ ശ്രീലങ്കയില്‍ ആക്രമണ പരമ്പര നടത്തിയതെന്ന് ഐസിസ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്.പ്രാഥമിക അന്വേഷണത്തിലൂടെ ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി റുവാന്‍ വിജെവര്‍ധന പാര്‍ലിമെന്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 15ന് ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളികളില്‍ ബ്രെന്റന്‍ ടാറന്റ് നടത്തിയ വെടിവയ്പില്‍ 50 പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. ശ്രീലങ്കയിലെ ആക്രമണത്തില്‍ ചുരുങ്ങിയത് 45 കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന കാര്യം യുഎന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ജനീവയില്‍ വച്ച് യൂണിസെഫ് വക്താവ് ക്രിസ്റ്റഫര്‍ ബൗലിറാക് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മിക്ക കുട്ടികളും മണിക്കൂറുകളോളം വേദന തിന്ന് നരകിച്ചാണ് മരിച്ചതെന്നും വെളിപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button