കൊച്ചി : കല്ലട ബസിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് കൂടുതല്‍ ട്രെയിന്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. ഞായറാഴ്ചകളില്‍ 2 ട്രെയിന്‍ മാത്രമാണു തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കുളളത്. എതിര്‍ദിശയില്‍ 4 ട്രെയിനുണ്ട്. യാത്രക്കാര്‍ കുറവുളള വ്യാഴാഴ്ചകളിലുമുണ്ട് 4 ട്രെയിന്‍. എന്നാല്‍ തിരക്കുളള ശനിയാഴ്ചകളില്‍ തിരുവനന്തപുരത്തേക്കു 2 ട്രെയിന്‍ മാത്രമേയുളളൂ. എന്നാല്‍ ഞായറാഴ്ച സര്‍വീസിനായി തിരുവനന്തപുരം ഡിവിഷന് പല തവണ കത്തു നല്‍കിയെങ്കിലും ട്രെയിന്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണു ദക്ഷിണ പശ്ചിമ റെയില്‍വേ നല്‍കിയത്.
ആദ്യം ട്രെയിനിന്റെ അറ്റകുറ്റപ്പണി ബെംഗളുരൂവില്‍ നടത്താന്‍ കഴിയില്ലെന്നു തടസ്സമുന്നയിച്ചപ്പോള്‍ അതും കേരളത്തില്‍ ചെയ്യാമെന്നു ഡിവിഷന് സമ്മതിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ട്രെയിന്‍ നിര്‍ത്താന്‍ ബെംഗളൂരുവില്‍ പ്ലാറ്റ്ഫോമില്ലെന്ന പുതിയ കാരണം പറഞ്ഞു ശുപാര്‍ശ തള്ളുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു വെള്ളി, ശനി ദിവസങ്ങളിലും കേരളത്തില്‍ നിന്നു ബെംഗളൂരുവിലേയ്ക്കു ശനി, ഞായര്‍ ദിവസങ്ങളിലുമാണു ഏറ്റവും കൂടുതല്‍ തിരക്കുളളത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍, ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ എന്നിവരാണു ട്രെയിനോടിക്കാന്‍ അനുമതി നല്‍കേണ്ടത്. എന്നാല്‍ എല്ലാ റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി യോഗങ്ങളിലും കേരളത്തില്‍ നിന്നുളള ട്രെയിനുകള്‍ ബെംഗളൂരുവിലേക്കു വേണ്ടെന്ന നിലപാടാണു ഇവര്‍ സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
Post Your Comments