തെരഞ്ഞെടുപ്പ് കാലത്ത് ആരുടെ മുന്നിലും തൊഴാനും എന്ത് വാഗ്ദാനം നല്‍കുവാനും ഒരു മടിയുമില്ലാത്തവരാണ് രാഷ്ട്രീയക്കാര്‍. ഏത് പാര്‍ട്ടിയിലായാലും എല്ലാ തെരഞ്ഞെടുപ്പുകാലത്തും സാധരണക്കാര്‍ കാണുന്ന കാഴ്ച്ചയാണിത്. യുപിയിലെ കര്‍ഷകര്‍ക്ക് ഇതൊക്കെ നന്നായി അറിയാം. തെരഞ്ഞെടുപ്പ് കോലാഹലമൊക്കെ മുറക്ക് നടക്കുമ്പോഴും തങ്ങളുടെ ഉറക്കംം കെടുത്തുന്ന പ്രശ്‌നത്തിന് പരിഹാരമാകാത്തതിന്റെ വിഷമത്തിലാണിവര്‍.
ഗോവധം നിരോധിച്ചത് കാരണം പെരുകുന്ന തെരുവു പശുക്കള്‍ കാരണം കര്‍ഷകര്‍ രാവും പകലും ഉറക്കമില്ലാതെ കൃഷിസ്ഥലത്ത് കാവലിരിക്കേണ്ട ഗതികേടിലാണിപ്പോള്‍. 2012 ലെ 19ആമത് ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം ഉത്തര്‍പ്രദേശില്‍ 10,09,436 തെരുവു കന്നുകള്‍ ഉണ്ട്. 6.75 ശതമാനം വര്‍ധനയാണ് ഇവയുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. രാത്രിയില്‍ കൃഷിസ്ഥലത്തെത്തുന്ന ഇവയെ ഓടിക്കാന്‍ ശ്രമിക്കുമ്പോള്‍ വെള്ളവും വളവും നല്‍കി നോക്കിവളര്‍ത്തുന്ന വിള ചവിട്ടി മെതിച്ചാകും ഇവ കടന്നുപോകുന്നത്. ഈ പ്രശ്‌നത്തിന് എന്തെങ്കിലും പരിഹാരമുണ്ടാക്കാന്‍ ജയിച്ചെത്തുന്നവര്‍ ശ്രമിക്കുമെന്ന പ്രതീക്ഷയും ഇവര്‍ക്കില്ല. അതേസമയം ചിലര്‍ കടം വാങ്ങിയും കയ്യില്‍ കരുതിയതുമെല്ലാം ചേര്‍ത്ത് വച്ച് കൃഷിഭൂമിക്ക് ചുറ്റും വേലികെട്ടുന്നുമുണ്ട്.
ഗോവധം നിരോധിച്ചതിന് ശേഷം കറവ വറ്റിയവയും പ്രായമായവയുമായ കന്നുകളെ കശാപ്പുശാലയിലേക്ക് അയക്കാനാകാത്തതിനാല്‍ പലരും തെരുവില്‍ ഉപേക്ഷിക്കുകയാണ്. ഇവ തീറ്റ തേടി കൃഷിഭൂമികളിലേക്കിറങ്ങുന്നതാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്. തെരുവു കന്നുകളെ സംരക്ഷിക്കാന്‍ താവളമൊരുക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇവ ഫലപ്രദമായി നടപ്പിലാകുന്നുമില്ല.
Post Your Comments