കാസര്‍കോട്ടെ പഴയ എസ് പി ഓഫീസില്‍ കവര്‍ച്ച. ഓഫീസില്‍ സൂക്ഷിച്ച ഫയലുകള്‍ കടത്തിക്കൊണ്ടുപോയി. പുലിക്കുന്ന് പഴയ എസ് പി ഓഫീസ് കെട്ടിടത്തിലാണ് കവര്‍ച്ച നടന്നത്.ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവമെന്ന് കരുതുന്നു. കെട്ടിടത്തിന്റെ സമീപത്തെ ഇറിഗേഷന്‍ വകുപ്പ് ഓഫീസിലെ ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് ഫയലുകള്‍ കടത്തിയതായി കണ്ടെത്തിയത്. ഇവിടെ സൂക്ഷിച്ച ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ (ഡി സി ആര്‍ ബി) പഴയ ഫയലുകളാണ് കടത്തികൊണ്ടുപോയത്.
നിരവധി ഫയലുകള്‍ പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ ശേഷം കെട്ടിടത്തിന്റെ വളപ്പിലും സമീപത്തെ റോഡിലും ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.ദ്രവിച്ച് തകരാറിലായ ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയില്‍ സൂക്ഷിച്ചതായിരുന്നു ഫയലുകള്‍. 1996 മുതല്‍ സൂക്ഷിച്ചുവന്നിരുന്ന നിരവധി ക്രൈം ഫയലുകളാണ് അവിടെയുണ്ടായിരുന്നത്. പുറത്ത് രണ്ട് ഓട്ടോറിക്ഷ സ്റ്റാര്‍ട്ടാക്കിയ നിലയിലും അതിലൊന്നില്‍ ഒരു സ്ത്രീയേയും കണ്ടിരുന്നതായി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടയുടന്‍ കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടു. പിന്നീട് കൊണ്ടുപോകാനായിരിക്കാം ചാക്കിലാക്കി ഫയല്‍ കെട്ടുകള്‍ റോഡരികില്‍ വെച്ചതെന്ന് കരുതുന്നു. ഓട്ടോറിക്ഷയില്‍ നിരവധി ഫയലുകള്‍ കടത്തികൊണ്ടു പോയിട്ടുണ്ട്. ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം തുടങ്ങി. സ്ഥലത്തു നിന്നും പോയ ഓട്ടോറിക്ഷ ഡ്രൈവറെ തിരിച്ചറിഞ്ഞതായും ഇയാളെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
Post Your Comments