കൊച്ചി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട എയര്‍ബസില്‍ നിന്നും യുവാക്കളെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. കേസില്‍ മൊത്തം 7 പേര്‍ അറസ്റ്റിലായി. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ഗിരിലാല്‍, തമിഴ്‌നാട് തിരുച്ചിറപ്പള്ളി നാച്ചിയാര്‍പാളയം സ്വദേശി കുമാര്‍, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി വിഷ്ണു (29) എന്നിവരാണ് ഇന്നലെ പിടിയിലായത്. തൃശൂര്‍ കൊടകര മണപ്പുള്ളി ജിതിന്‍ (25), തിരുവനന്തപുരം പള്ളിക്കല്‍ മടവൂര്‍ ജയേഷ് ഭവനില്‍ ജയേഷ് (29), കരുനാഗപ്പള്ളി സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കല്‍ സ്വദേശി അന്‍വറുദ്ദീന്‍ (38) എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
കേസില്‍ 3 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ വധശ്രമവും പിടിച്ചുപറിയും അടക്കമുള്ള കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണു ജീവനക്കാരെ പിടികൂടിയത്. കസ്റ്റഡിയിലുണ്ടായിരുന്ന ഒരാളെ, അക്രമത്തില്‍ പങ്കില്ലെന്നു കണ്ടു വിട്ടയച്ചു. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കര്‍, സുല്‍ത്താന്‍ ബത്തേരി സ്വദേശി സച്ചിന്‍, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ വഴിമധ്യേ ജീവനക്കാര്‍ ബസില്‍നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. അജയ് ഘോഷ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരട് പോലീസാണ് കേസെടുത്തത്. അതേസമയം സംഭവത്തില്‍ ബസ് പിടിച്ചെടുക്കുകയും, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രതികളെ വെറുതെവിടില്ലെന്നും കൊച്ചി സിറ്റി പോലീസ് അറിയിച്ചിരുന്നു.
Post Your Comments