വാഷിംഗ്‌ടണ്‍• ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് രാജ്യങ്ങളെ വിലക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍,തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഇവര്‍ക്കെതിരെയും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഒരുങ്ങുന്നത്.
മെയ് രണ്ടുമുതല്‍ തീരുമാനം നിലവില്‍ വരുമെന്നും ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ഉപരോധമുണ്ടാകുമെന്ന് അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചാണ് അമേരിക്ക ഇറാന് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇറാന്റെ ആണവ പദ്ധതികള്‍ തടയുകയും അമേരിക്ക ലക്ഷ്യമിടുന്നു. ഇതിനായി അവരുടെ പ്രധാന വരുമാന മാര്‍ഗമായ ക്രൂഡ് ഓയില്‍ കയറ്റുമതി തടയുകയാണ് ട്രംപ് ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.
Post Your Comments