Latest NewsKeralaElection SpecialElection 2019

നാളെ പോളിംഗ് ബൂത്തില്‍ എത്തുന്നതിനു മുന്‍പായി ഇക്കാര്യങ്ങള്‍ അറിയുക

നാളെ പോളിംഗ് ബൂത്തില്‍ എത്തുന്നതിനു മുന്‍പായി ചുവടെ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

  • വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ എത്തുന്ന സമ്മതിദായകര്‍ ആദ്യം ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് സമ്മതിദായകന്‍ കാണിക്കണം. വോട്ടര്‍ സ്ലിപ്പ് അംഗീകൃത തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടില്ല. അതിനാല്‍ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഒപ്പം കരുതണം. രേഖകളിലെ വിവരങ്ങള്‍ നോക്കിയ ശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവിരങ്ങളും ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച് തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍ പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസര്‍ അടയാളമിടും.

  • ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്സറില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ചൂണ്ടുവിരല്‍ പരിശോധിച്ച്, അതില്‍ നഖംമുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷി കൊണ്ട് അടയാളപ്പെടുത്തും. മഷി പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയാന്‍ പാടില്ല. ഇടതു ചൂണ്ടുവിരല്‍ ഇല്ലാത്ത പക്ഷം സമ്മതിദായകന്റെ ഇടതുകയ്യിലെ ഏതെങ്കിലും വിരലില്‍ പോളിംഗ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടതുകൈ ഇല്ലാത്തയാളാണെങ്കില്‍ വലതുകയ്യിലെ ചൂണ്ടുവിരലില്‍ മഷി പതിക്കും. രണ്ടുകയ്യും ഇല്ലാത്തയാളാണെങ്കില്‍ ശരീരത്തില്‍ കാണാന്‍ കഴിയുന്ന ഭാഗത്ത് മഷി പുരട്ടും. തുടര്‍ന്ന് സമ്മതിദായകന് വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.

  • വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടിംഗ് സ്ലിപ്പും മഷിയടയാളവും പരിശോധിക്കും. എന്നിട്ട് സ്ലിപ്പ് തിരികെ വാങ്ങി വോട്ട് ചെയ്യാന്‍ സമ്മതിദായകനെ അനുവദിക്കും. വോട്ട് ചെയ്യാന്‍ പാകത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിംഗ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാവും. ഈ സമയത്ത് സമ്മതിദായകന് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. വോട്ട് രേഖപ്പെടുത്തിക്കഴിയുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ലൈറ്റ് തെളിയും. ബീപ്പ് ശബ്ദം കേള്‍ക്കുമ്പോള്‍ വോട്ട് രേഖപ്പെടുത്തപ്പെട്ടതായി കണക്കാക്കാം.

  • വോട്ട് ശരിയായാണോ രേഖപ്പെടുത്തപ്പെട്ടതെന്ന് ഈ ഘട്ടത്തില്‍ വിവി പാറ്റ് പരിശോധിച്ച് ഉറപ്പാക്കാം. വിവി പാറ്റിന്റെ സ്‌ക്രീനില്‍ ഏഴ് സെക്കന്റ് നേരത്തേക്ക് വോട്ട് രേഖപ്പെടുത്തിയത് ആര്‍ക്കാണെന്ന് തെളിഞ്ഞുകാണാം. ശേഷം സ്ളിപ്പ് കട്ടായി ബോക്സില്‍ വീഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button