Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

കല്ലട ബസിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് അരുന്ധതി

ഹൈദരാബാദ്: കഴിഞ്ഞ ദിവസം കല്ലട ബസിൽ യാത്രക്കാർക്ക് നേരെയുണ്ടായ ആക്രമണം വൻ പ്രതിഷേധങ്ങൾക്ക് വഴി തെളിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് കല്ലട ബസിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായ മോശം അനുഭവങ്ങൾ പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയത്. അത്തരത്തിൽ 2015ൽ കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ  തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് ഗവേഷക വിദ്യാര്‍ത്ഥി അരുന്ധതി ബി.

ആര്‍ത്തവമായതിനാല്‍ ടോയ്‍ലറ്റില്‍ പോവണ്ടത് അത്യാവശമായിരുന്നു. ബസ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നിര്‍ത്തി തന്നില്ല. ഒടുവില്‍ കല്ലട ബസ് സര്‍വീസിന്‍റെ ഓഫീസ് നമ്പറില്‍ വിളിച്ചതോടെ മെഹ്ദിപട്ടണത്തെ അവരുടെ ഓഫീസില്‍ ബസ് നിര്‍ത്തുമെന്നും അവിടുത്തെ ടോയ്‍ലറ്റ് ഉപയോഗിക്കാമെന്ന ധാരണയായി. ബസ് നിര്‍ത്തുമ്പൊ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ടാപ്പോ വെള്ളമോ ഇല്ലാത്ത ടോയ്‍ലറ്റില്‍ പത്ത് മിനിറ്റ് കാത്തുനിന്നപ്പോളാണ് ഒരു ബക്കറ്റ് വെള്ളം കൊണ്ടുതന്നത്. പിന്നീട് കല്ലടയ്ക്ക് പരാതി എഴുതിക്കൊടുത്തു.മറ്റുള്ളവര്‍ക്ക് ചോര നാറുമെന്നു കരുതി ഇല്ലാത്ത കാശിന് ഓട്ടോ പിടിച്ചു. പിന്നൊരിക്കലും ആ നശിച്ച വണ്ടിയില്‍ കയറില്ലെന്ന് ശപഥമെടുത്തു. എന്നാൽ ഗതികേടുകൊണ്ട് പിന്നെയും മൂന്നോ നാലോ വട്ടം കയറേണ്ടിവന്നിട്ടുണ്ടെന്നും കല്ലടയ്ക്കെതിരെ നടപടിയെടുക്കുമ്പോ എന്നെപ്പോലെ ആയിരക്കണക്കിന് സ്ത്രീകള്‍ സന്തോഷിക്കുന്നുണ്ടാകുമെന്നും അരുന്ധതി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

രണ്ടായിരത്തിപ്പതിനഞ്ചിലാണ്. ശബരിക്ക് തത്കാല്‍ ടിക്കറ്റ് പോലും ലോട്ടറിയായതിനാലും, ഫ്ലൈറ്റ് ഇന്നത്തെപോലെ അഫോഡബിള്‍ അല്ലാത്തതിനാലും കല്ലടയായിരുന്നു ഹൈദരാബാദ് വരെ പോകാന്‍ ആശ്രയം. സെമി സ്ളീപ്പര്‍ സീറ്റില്‍ ഏതാണ്ട് പതിനെട്ട് മണിക്കൂര്‍ ഇരിക്കണം. കൊച്ചിയില്‍നിന്ന് ഉച്ചയ്ക്ക് കയറിയാല്‍, പിറ്റേന്ന് രാവിലെ എത്താം. രണ്ടോ മൂന്നോ മണിക്കൂര്‍ വൈകിയാലും വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് നമ്മളതങ്ങ് സഹിക്കും. അത്തരമൊരു യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ദിവസമാണ് പിരീയഡ്സ് ആവുന്നത്.

കാന്‍സല്‍ ചെയ്താല്‍ കാശുപോവുന്നതുകൊണ്ട് രണ്ടും കല്‍പ്പിച്ച് വണ്ടി കയറി. സന്ധ്യയ്ക്കും അത്താഴത്തിന്‍റെ നേരത്തും മൂത്രപ്പുര ഉപയോഗിക്കാന്‍ പറ്റി. ഉറങ്ങാന്‍ പോവും മുന്‍പ് ഡ്രൈവറോടും സഹായിയോടും പ്രത്യേകം പറഞ്ഞു എവിടേലും ഡീസലടിക്കുന്ന സ്ഥലത്ത് വിളിച്ചെഴുന്നേല്‍പ്പിക്കണേ, ടോയ്‍ലറ്റില്‍ പോവേണ്ടത് അത്യാവശ്യമാണെന്ന്.

വെളുപ്പിനെ അടിപൊളി വയറുവേദനയുമായാണ് കണ്ണുതുറന്നത്. ആറുമണിയാവുന്നേയുള്ളൂ. ഹൈദരാബാദിന്‍റെ ഔട്സ്കര്‍സിലെവിടെയോ ആണ്. മൂത്രമൊഴിക്കാന്‍ ഒന്നുനിര്‍ത്തിക്കേന്ന് പറയാന്‍ എഴുന്നേറ്റപ്പൊ തന്നെ പന്തികേട് തോന്നി. പാഡ് ഓവര്‍ഫ്ളോ ആയിട്ടുണ്ട്. അസ്വസ്ഥത സഹിച്ച് മൂന്ന് പാഡോ മറ്റോ വെച്ചിട്ട് കിടന്നതാണ്. എന്നിട്ടും യൂട്രസ് പണി പറ്റിച്ചു. എങ്ങനെയൊക്കെയോ ഡ്രെവറുടെ കാബിനിലെത്തി വണ്ടി വേഗം നിര്‍ത്തിത്തരാന്‍ പറഞ്ഞു. ഉടനെ ആളിറങ്ങുന്നുണ്ടെന്നും അവിടെ ഒതുക്കാമെന്നുമായിരുന്നു മറുപടി.

ആളുകള്‍ ഇറങ്ങിയതൊക്കെയും നടുറോഡിലായിരുന്നു. വണ്ടി പല പെട്രോള്‍ പമ്പുകളും പിന്നിട്ടു. എവിടെയും നിര്‍ത്തിയില്ല. വീണ്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍. ലെഗ്ഗിന്‍സിലേക്ക് ചോര പടരുന്നത് അറിയുന്നുണ്ട്. ഷോളെടുത്ത് മടക്കി സീറ്റിലിട്ട് അതിന്‍റെ മുകളിലിരിക്കുകയാ. ദാഹിക്കുന്നുണ്ട്. തുള്ളി വെള്ളം കുടിക്കാന്‍ പേടി. ആര്‍ത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാന്‍ കഴിയാറില്ല. ഒടുക്കം തൊട്ടുമുന്‍പിലെ സീറ്റിലിരുന്ന ചെറുപ്പക്കാരനോട് കാര്യം പറഞ്ഞു. അയാളോടി ഡ്രൈവറുടെ അടുത്ത് പോയി.

ഇനി മെഹ്ദിപട്ടണത്തേ സ്റ്റോപ്പുള്ളുവെന്നും, ബ്രേക്ഫാസ്റ്റിന് നിര്‍ത്താത്ത വണ്ടിയായതിനാല്‍ മെഹ്ദിപട്ടണത്തിറങ്ങി എതേലും ടോയ്‍ലറ്റ് കണ്ടുപിടിച്ചോന്നുമായിരുന്നു മറുപടി. ഒരു പരിചയവുമില്ലാത്ത ആ യാത്രക്കാരന്‍ എനിക്കുവേണ്ടി പ്രതികരിച്ചു. ബസില്‍ ബാക്കിയുണ്ടായിരുന്ന ഞങ്ങള്‍ ഏഴോ എട്ടോ പേര്‍ ഒന്നിച്ച് ഒച്ചവെച്ചു. എന്നിട്ടും കല്ലടയുടെ സ്റ്റാഫ് അനങ്ങിയില്ല. അവരുടെ ഓഫീസ് നമ്പറില്‍ വിളിച്ചു ഒടുക്കം. മെഹ്ദിപട്ടണത്ത് അവരുടെ ഓഫീസില്‍ ബസ് നിര്‍ത്തുമെന്നും, അവിടുത്തെ ടോയ്‍ലറ്റ് ഉപയോഗിക്കാമെന്നും ധാരണയായി. ബസ് നിര്‍ത്തുമ്പോ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു.

ഓഫീസെന്ന് പേരിട്ട കുടുസ്സുമുറിയുടെ വലത്തേയറ്റത്ത് ഒരു ഇന്ത്യന്‍ ടോയ്‍ലറ്റ്. ടാപ്പോ വെള്ളമോ ഇല്ല. പത്തു മിനിറ്റ് കാത്തുനിര്‍ത്തിയിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ടുത്തന്നു. ആ കക്കൂസ് മുറിയില്‍ കയറുമ്പൊ അപമാനംകൊണ്ട് മേലാകെ വിറച്ചു. ചോര പറ്റിയ ഷോളില്‍ പാഡും അടിവസ്ത്രവും പൊതിഞ്ഞെടുത്ത് പുറത്തിറങ്ങി കല്ലടയ്ക്ക് പരാതി എഴുതിക്കൊടുത്ത് ഇല്ലാത്ത കാശിന് ഒരു ഓട്ടോ പിടിച്ചു, മറ്റുള്ളോര്‍ക്ക് ചോര നാറുമോയെന്ന് കരുതിയിട്ട്. പിന്നൊരിക്കലും ആ നശിച്ച വണ്ടിയില്‍ കയറില്ലെന്ന് ശപഥമെടുത്തെങ്കിലും, ഗതികേടുകൊണ്ട് പിന്നെയും മൂന്നോ നാലോ വട്ടം കയറേണ്ടിവന്നിട്ടുണ്ട്. കല്ലടയ്ക്കെതിരെ നടപടിയെടുക്കുമ്പോള്‍ എന്നെപ്പോലെ ആയിരക്കണക്കിന് സ്ത്രീകള്‍ സന്തോഷിക്കുന്നുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button