തിരുവനന്തപുരം• കേരളത്തിൽ ചില സ്ഥലങ്ങളിൽ 21, 22 തിയതികളിൽ ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 കി.മീ വരെയായിരിക്കും.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ള പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു. ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കു കാരണമാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്.
പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കണം. കുട്ടികൾ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.
Post Your Comments