CinemaNewsEntertainment

ലൂസിഫറിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി

 

ലൂസിഫറിന്റെ വ്യാജപ്രിന്റുകള്‍ക്കെതിരെ നടപടിയുമായി ലൂസിഫര്‍ ടീം. ലാപ്ടോപ്പില്‍ ലൂസിഫര്‍ സിനിമയുടെ ഭാഗങ്ങള്‍ കാണുന്ന വീഡിയോ ഷെയര്‍ ചെയ്ത പൈറസിക്കെതിരെ നടപടിയെടുക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

പൃഥിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ഭാഗങ്ങള്‍ തിയറ്ററില്‍ നിന്ന് പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ലൂസിഫര്‍ ടീം നേരത്തെ തന്നെ തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട സുഹൃത്തുക്കളെ,
”ലൂസിഫര്‍”നെ വമ്പന്‍ വിജയമാക്കിയ നിങ്ങളേവരോടുമുള്ള നന്ദിയും സ്‌നേഹവും അറിയിച്ചുകൊണ്ട് തുടങ്ങട്ടെ.

വളരെ വേദനയോടെ ആണ് ഞങ്ങള്‍ ഈ കുറിപ്പ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ”ലൂസിഫര്‍” എന്ന ഞങ്ങളുടെ ചലച്ചിത്രം വലിയ റെക്കോര്‍ഡ് വിജയം കൈവരിച്ച്, മലയാള സിനിമയ്ക്ക് തന്നെ പുതിയ മാനങ്ങള്‍ സമ്മാനിക്കുന്ന ഈ വേളയില്‍, ഇതിനെ തകര്‍ക്കാനും ഇതിന്റെ വ്യാജ പ്രിന്ററുകള്‍ ഇറക്കാനും കച്ചകെട്ടി ഇറങ്ങുന്നവര്‍ ചിലരുണ്ട്. നിയമം ഇവരുടെ പിന്നാലെയും ഉണ്ട്.

ഇത്തരം വ്യാജ പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും നിയമവിരുദ്ധം ആണെന്നിരിക്കെ, ഇത് ഡൗണ്‍ലോഡ് ചെയ്യാനും കാണാനും എന്നു മാത്രമല്ല, കണ്ടുകഴിഞ്ഞു ”കണ്ടു” എന്ന് ഉറക്കെ പറഞ്ഞു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടാനും യാതൊരു മടിയും നിയമഭയവും ഇല്ലാത്ത ഒരാള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.

അസ്‌കര്‍ പൊന്നാനി എന്ന് പേരുള്ള ഇയാള്‍ സൗദി അറേബ്യയില്‍ നിന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. ഒരു സിനിമയെപ്പറ്റി, അതോടുന്ന തീയേറ്ററില്‍ പോയിക്കണ്ട ശേഷം, എന്തും പറയാനുള്ള അധികാരവും അവകാശവും എല്ലാവര്‍ക്കുമുണ്ട്. പക്ഷെ അസ്‌കര്‍ പൊന്നാനിയെപ്പോലെയുള്ളവര്‍ ചെയ്യുന്നത് അതല്ല, മറിച്ച് സിനിമ എന്ന കലയോടും വ്യവസായത്തോടും ഇതില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരോടും ചെയ്യുന്ന വലിയ ചതിയാണ്.

ഇതിനെ കണ്ടില്ലെന്ന് നടിക്കാന്‍ സാധ്യമല്ല എന്ന് മാത്രമല്ല, വരും കാലങ്ങളില്‍ ഇത്തരം തെമ്മാടിത്തരങ്ങള്‍ തടയേണ്ടത് വലിയ ഒരു ആവശ്യവും കൂടി ആണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ നിയമപരമായി നീങ്ങിയതിന്റെ ഫലമായി കേരളാ പോലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാത്രവുമല്ല, സൗദി ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് ഇയാള്‍ ജോലിചെയ്യുന്നിടവും കണ്ടെത്തിയിട്ടുണ്ട്. തക്കതായ നിയമനടപടികള്‍ രണ്ടു രാജ്യങ്ങളിലെ നിയമപരിപാലന സംവിധാനങ്ങളും ഇയാള്‍ക്കെതിരെ കൈക്കൊള്ളുന്നതാണ്. നാട്ടിലെത്തിയാലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമാണുള്ളത്. സൗദിയില്‍ ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബന്ധപ്പെട്ടവരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇത്തരം തെമ്മാടിത്തരങ്ങള്‍ ചെയ്യുന്നവരെ നേരിടാന്‍ മറ്റു പല മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടത് കൊണ്ടാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചത്, എന്നുകൂടി അറിയിച്ചുകൊള്ളട്ടെ.

ജനങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമകള്‍ വിജയിക്കട്ടെ. തിയേറ്ററില്‍ വന്നു സിനിമ കണ്ട ശേഷം എന്ത് വേണമെങ്കിലും പറയട്ടെ, എഴുതട്ടെ. പക്ഷെ ഇത്, വലിയ തെറ്റാണ്. ഇതിനെ നേരിടുക തന്നെ വേണം. ഞങ്ങള്‍ നേരിടുക തന്നെ ചെയ്യും.

സ്‌നേഹാദരങ്ങളോടെ,
നിങ്ങളുടെ സ്വന്തം
ആശീര്‍വാദ് സിനിമാസ്

മാര്‍ച്ച് 28നാണ് ചിത്രം റിലീസ് ചെയ്തത്. ബിഗ്ബഡ്ജറ്റ് ചിത്രമായ ലൂസിഫര്‍ ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്നും മാത്രം ആദ്യ ദിനം ലഭിച്ചത് 12 കോടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button