KeralaLatest News

മംഗലാപുരത്തുനിന്ന് കൊച്ചിയിലേയ്ക്ക് എത്തിച്ച ആ കുഞ്ഞു ജീവന്‍ സാധാരണനിലയിലേയ്ക്ക്

കൊച്ചി: മംഗലാപുരത്തുനിന്ന് കൊച്ചിയിലേയ്ക്ക് എത്തിച്ച ആ കുഞ്ഞു ജീവന്‍ സാധാരണനിലയിലേയ്ക്ക് .
മംഗലാപുരത്ത് നിന്ന് അടിയന്തര ചികിത്സയ്ക്കായി എത്തിച്ച 19 ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നതിനിടെ സര്‍ക്കാര്‍ ഇടപെട്ടായിരുന്നു കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണസ്ഥിതിയിലായെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അപകടനില പൂര്‍ണമായി തരണം ചെയ്തുവെന്നുറപ്പിക്കാന്‍ കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി ഐസിയുവില്‍ നിരീക്ഷിക്കേണ്ടി വരും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കാര്‍ഡിയോ പള്‍മിനറി ബൈപാസിലൂടെയാണ് രണ്ട് ദിവസം മുമ്പ് കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ ചെയ്തത്. കുഞ്ഞായതിനാല്‍ വളരെ സൂക്ഷ്മതയോടെ ഏഴ് മണിക്കൂര്‍ എടുത്തായിരുന്നു ശസ്ത്രക്രിയ. കുഞ്ഞിന്റെ ഹൃദയം സങ്കോചിച്ചിരുന്നു. ഇത് ശരിയാക്കി. മാത്രമല്ല, ഹൃദയത്തിലെ ദ്വാരം ശരിയാക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ കേടുപാടുകള്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്.

15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഏപ്രില്‍ 16-നാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് അമൃത ആശുപത്രിയിലെത്തിച്ചത്. നാനൂറ് കിലോമീറ്റര്‍ ദൂരം അഞ്ചര മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചാണ് ആംബുലന്‍സ് അമൃതയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button